ചുമരെഴുത്ത്

Friday, July 28, 2006

ട്രെയിനിംഗ്‌ വീലുകള്‍


ഉണ്ണിക്കുട്ടന്‍ ആദ്യമായി ട്രെയിനിംഗ്‌ വീലുകളില്ലാതെ സൈക്കിള്‍ ചവിട്ടുകയാണു്‌.

ഊരിയിടപ്പെട്ട രണ്ടു ചക്രങ്ങള്‍ അവന്റെ സംരംഭം നോക്കിക്കൊണ്ടു്‌ പുല്‍ത്തകടിയില്‍ ഉല്‍ക്കണ്ഠയോടെ കിടന്നു.

"നോക്കൂ അവന്റെ പോക്കു കണ്ടോ? ഇപ്പോള്‍ മറിഞ്ഞുവീഴും." ഇടതുചക്രം പറഞ്ഞു.

"നേരെ ഓടിക്കുന്നതിനു പകരം അവന്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചു വെട്ടിച്ചല്ലെ ഓടിക്കുന്നത്‌." വലതുചക്രം പറഞ്ഞു."

"പതുക്കെ ചവിട്ടിയാല്‍ പോരെ? എന്തു വേഗത്തിലാണവന്‍ ചവിട്ടുന്നതു്‌! എവിടെയെങ്കിലും മറിഞ്ഞുവീഴുമെന്നു തീര്‍ച്ചയാണ്‌."

"എന്നിട്ടു മുട്ട്‌ പൊട്ടി ചോരയുമൊലിച്ചു കരഞ്ഞുകൊണ്ടു തിരിച്ചു വരും. നോക്കിക്കോളൂ."

"എന്തു ശാഠ്യമായിരുന്നു ചക്രങ്ങള്‍ മാറ്റണമെന്നു്‌! തീര്‍ച്ചയായും അവനു കുറച്ചു നാളുകള്‍കൂടി ചക്രങ്ങളുടെ ആവശ്യമുണ്ടു്‌."

ഒരു വളവുതിരിഞ്ഞ്‌ അവന്‍ അപ്രത്യക്ഷനായി. എന്താണു നടക്കുന്നതെന്നറിയാതെ ചക്രങ്ങള്‍ വ്യാകുലതയോടെ കാത്തിരുന്നു.

ഉണ്ണിക്കുട്ടന്‍ തിരിച്ചെത്തി. മുട്ട്‌ പൊട്ടിയിട്ടുണ്ടു്‌. പക്ഷെ മുഖത്താകെ സന്തോഷവും സംതൃപ്തിയും.

"എന്തു രസം ഇങ്ങനെ സൈക്കിള്‍ ചവിട്ടാന്‍." അവന്‍ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

പുല്‍ത്തകടിയില്‍ കിടക്കുന്ന ചക്രങ്ങല്‍ അവന്റെ കണ്ണില്‍പെട്ടു.

"ഇനിയിതാര്‍ക്കു വേണം!"

ഉണ്ണിക്കുട്ടന്‍ ചക്രങ്ങളെടുത്ത്‌ കുപ്പയിലേക്കെറിഞ്ഞു.

28 Comments:

  • കൊള്ളാം, കുപ്പയിലെറിഞ്ഞ വീലുകള്‍ അച്ഛന്റേയും അമ്മയുടേയും പ്രതീകം എന്നൊക്കെ വേണമെങ്കില്‍ വിചാരിക്കാം അല്ലേ? ;)

    By Blogger ബിന്ദു, at 28 July, 2006 12:25  

  • നല്ല, അടിപൊളി സാമ്പാര്‍ കഴിക്കുമ്പോല്‍, അതില്‍ കിടക്കുന്ന കറിവേപ്പിലയിലകള്‍/ ഉണ്ടമുളകുകള്‍ ആര്‍ക്കുവേണം...

    നന്നായി ബാബു....

    By Blogger ഇടിവാള്‍, at 28 July, 2006 13:13  

  • തുടക്കത്തിലെ ഒറ്റചക്രത്തില്‍ പോകാന്‍ ശ്രമിക്കുന്പോളെന്തിനു ഈ 3 ചക്രം. അല്ലപിന്നെ.

    By Blogger സഞ്ചാരി, at 28 July, 2006 13:30  

  • സ്വാഗതം :)
    ജീവിതത്തില്‍ പലപ്പോഴും നമുക്കീ ട്രെയിനിംഗ് വീലുകള്‍ എന്ന ആഡംബരം ലഭിയ്ക്കാറില്ലല്ലോ :)

    By Blogger Adithyan, at 28 July, 2006 13:59  

  • കൊള്ളാമല്ലോ.. ട്രെയിനിങ് വീലിന് ഇങ്ങനെ ഒരു മാനം ചിന്തിച്ചില്ല.

    By Blogger Sudhir KK, at 28 July, 2006 14:44  

  • വളരെ നല്ല കഥ, ബാബൂ.

    കുഞ്ഞു കഥ. നല്ല ആശയം. നല്ല ബിംബങ്ങള്‍. വായനക്കാരനു് സങ്കല്‍പ്പിക്കാന്‍ വളരെ അര്‍ത്ഥതലങ്ങള്‍.

    ഒരു കഥയ്ക്കു് ഇതില്‍ക്കൂടുതല്‍ എന്തു വേണം?

    ഇനിയും എഴുതൂ, ഇതുപോലെയുള്ള കഥകള്‍.

    By Blogger ഉമേഷ്::Umesh, at 28 July, 2006 14:50  

  • അയ്യോ... എറിഞ്ഞുകള്യുമോ :(

    By Blogger Cibu C J (സിബു), at 28 July, 2006 15:11  

  • ബാബുമോനേ, എന്റെ വീട്ടിലുമുണ്ടായിരുന്നു രണ്ട്‌ ഉണ്ണിക്കുട്ടന്മാര്‌. ട്രെയിനിംഗ്‌ വീല്‍ വലിച്ചെറിഞ്ഞ്‌ അവരു പോയപ്പൊള്‍ ചുമരെഴുത്തു വായിക്കുവാന്‍ ധാരാളം സമയം. വീലിനു തേയ്മാനവും കുറവ്‌.

    By Anonymous Anonymous, at 28 July, 2006 15:26  

  • മൂത്ത മകന്‍ പോയിട്ടുണ്ടാവും ഒരമ്മേ. ഇളയ മകന്‍ പോയെന്നുള്ളതു് അമ്മയുടെ ഭയം മാത്രമാണ്. അവന്‍ തിരിച്ചുവന്ന് ട്രെയിനിംഗ് വീലുകളെ അവന്റെ സൈക്കിളിന്റെ പെട്ടിയില്‍ എടുത്തുകൊണ്ടെങ്കിലും പോകും, അവന്റെ വീട്ടില്‍ ആദരവോടെ സൂക്ഷിച്ചുവെയ്ക്കാന്‍.

    - ഗൃഹാതുരത്വം വിടാത്ത ഒരു ഇളയ മകന്‍.

    By Anonymous Anonymous, at 28 July, 2006 15:35  

  • that is a real nice story :)

    By Blogger ദിവാസ്വപ്നം, at 28 July, 2006 16:07  

  • അതു ശരി! ഞാനിവിടെ വെച്ച ആദ്യത്തെ കമന്റ് എവിടെപ്പോയി? കമന്റ് ട്രെയിനിങ്ങ് വീലു പോലെ ആക്കി അല്ലെ?

    By Anonymous Anonymous, at 28 July, 2006 19:19  

  • എവിടെയ്ക്കാ എറിഞ്ഞത് ? ഒരു പടം പിടിക്കാനാ :)
    കഥ നന്നായിട്ടുണ്ട്.

    By Blogger nalan::നളന്‍, at 28 July, 2006 19:58  

  • ട്രെയ്നിംഗ് വീലുകള്‍ ഊരിയെറിയേണ്ട സമയത്ത് അങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണോ, സമയമെത്തും മുന്‍പേ അവ ഉപേക്ഷിക്കാന്‍ തിടുക്കം കൂട്ടിയതുകൊണ്ടാണോ എന്നറിയില്ല, എന്നെപ്പോളുള്ള പലരുടേയും ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്, സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തിനേയും സധൈര്യം നേരിടാനുള്ള കരുത്ത് ഇനിയും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
    -ഇക്കാസ്

    By Blogger Mubarak Merchant, at 28 July, 2006 20:14  

  • കാലക്രമേണ ഉണ്ണിക്കുട്ടനും ഒരു വീല്‍ ആകുമെന്നും, ഉണിക്കുട്ടന്റെ ഉണ്ണിക്കുട്ടന്‍ യാതൊരു ദയയും ഇല്ലാതെ ആ വീല്‍ എറിഞ്ഞു കളയുമെന്നും ഓര്‍ത്താല്‍ നല്ലത്.

    By Blogger സു | Su, at 28 July, 2006 20:37  

  • കുറച്ചു സുഹൃത്തുകള്‍ക്ക്‌ എന്റെ ആദ്യ കഥ ഇഷ്ടപ്പെട്ടെന്നു കാണുമ്പോള്‍ അതിയായ സന്തോഷം.
    ബിന്ദുവിന്‌ കഥയുടെ ഗുട്ടന്‍സ്‌ പിടികിട്ടിയെന്നു തോന്നുന്നു.
    ഇടിവാളും, സഞ്ചാരിയും ആദിത്യനും കണ്ട കാര്യങ്ങള്‍ മനസ്സില്‍കൂടി പോയതേയില്ല. നിങ്ങളാണു ശരിയായ വായനക്കാര്‍.
    കൂമന്‍സ്‌, ദിവാസ്വപ്നം, നിങ്ങള്‍ക്കു നന്ദി!
    ഉമേഷ്‌, അങ്ങനെ പൊക്കല്ലേ! നിലത്തു 'ഠ്‌'പ്പോന്ന് വീണാലോ?
    ഒരമ്മയേയും ഇളയമകനേയും ഇക്കാസിനേയും കഥ എവിടെയൊ സ്പര്‍ശിച്ചൊ എന്നൊരു സംശയം.
    എറിഞ്ഞു കളയാന്‍ സമ്മതിക്കരുത്‌ സിബു. മാറ്റി സൂക്ഷിച്ചു വെക്കൂ.
    അയ്യോ ഇഞ്ചിപ്പെണ്ണിന്റെ ആദ്യത്തെ കമന്റിനെന്തു പറ്റി? ഞാനിവിടെയെല്ലാം നോക്കി കണ്ടില്ല. ദയവായി ഒന്നുകൂടി പോസ്റ്റ്‌ ചെയ്യൂ.
    നളന്റെ ക്യാമറയുടെ ഫ്ലാഷ്‌ മനസ്സിന്റെ ചെറിയ കോണുകളിലെത്തുമോ?

    By Blogger ബാബു, at 28 July, 2006 20:52  

  • മകന്‍ കരുത്താര്‍ജ്ജിക്കട്ടെ എന്നു കരുതി ആ ചക്രങ്ങള്‍ ആരെങ്കിലും അഴിച്ചു മാറ്റിയതാണെങ്കിലോ

    നല്ല കഥ ഇനിയും എഴുതൂ.

    By Blogger വല്യമ്മായി, at 28 July, 2006 21:22  

  • ഉണ്ണിക്കുട്ടന്‍ യാത്രതുടങ്ങിയിട്ടല്ലേയുള്ളൂ.
    വലിച്ചെറിഞ്ഞ വീലുകള്‍ എത്ര പ്രിയപ്പെട്ടതായിരുന്നെന്ന്
    അവന്‍ തിരിച്ചറിയാതിരിക്കില്ല.
    മടങ്ങി വരും അവനൊരുനാള്‍,
    പൊടി തുടച്ച് തേച്ചു മിനുക്കി കൂടെ കൊണ്ടുപോകാന്‍.

    By Blogger രാജീവ് സാക്ഷി | Rajeev Sakshi, at 28 July, 2006 21:31  

  • നല്ല കഥ ബാബൂ. ഇനിയും പോരട്ടെ ചക്രവ്യൂഹങ്ങള്‍!

    By Blogger Manjithkaini, at 28 July, 2006 21:35  

  • മുട്ട്‌ പൊട്ടിയാലും ഉണ്ണിക്കുട്ടന്റെ മുഖത്ത്‌ സന്തോഷം - അവന്‍ ജീവിക്കാന്‍ പഠിക്കുന്നു...എന്നാലും ചക്രങ്ങളില്ലാത്ത വേദന ഒരു ദിവസം അവന്‌ മനസ്സിലാകും..

    By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 29 July, 2006 02:16  

  • ഉണ്ണിക്കുട്ടന്‍ ഇങിനെ ട്രൈനിങ് വീലുകള്‍ ഏടുത്തെറിഞാല്‍ പിന്നെ ഉണ്ണിമോന്‍ വന്ന വഴികളൊക്കെ മറന്നുവെന്ന് പറയില്ലെ ആളുകള്‍ ?

    By Blogger മുസാഫിര്‍, at 29 July, 2006 06:39  

  • ഇന്നത്തെ കേരളാ എക്സ്പ്രസ്സില്‍ ഈ കഥ കണ്ടു.

    ആദ്യം വിചാരിച്ചു; ഈ ബ്ലോഗില്‍ നിന്ന് മോഷ്ടിച്ച് ആരോ പത്രത്തില്‍ എഴുതിയതാണോ എന്ന്. സ്ഥലം കണക്ടിക്കട്ട് എന്ന് കണ്ടതുകൊണ്ട് അങ്ങനെയല്ല എന്നു ഊഹിക്കുന്നു :)

    By Anonymous Anonymous, at 11 August, 2006 19:41  

  • ഊഹം ശരിയാണ്‌. നന്ദി.

    By Blogger ബാബു, at 11 August, 2006 22:00  

  • ഒരു സന്തോഷ വാര്‍ത്ത! ബൂലോകത്തില്‍ വെളിച്ചം കണ്ട 'ട്രെയിനിംഗ്‌ വീലുകള്‍' എന്ന എന്റെ കഥ മൂന്നാമിടം എന്ന വാരികയുടെ ആഗസ്റ്റ്‌ 20-26 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
    http://www.moonnamidam.com/
    അന്നു പ്രോഹാല്‍സനം തന്ന എല്ലാ സുഹൃത്തുകള്‍ക്കും ഒരിക്കല്‍കൂടി നന്ദി!

    By Blogger ബാബു, at 21 August, 2006 09:18  

  • കണ്‍ഗ്രാചുലേഷന്‍സ്! അപ്പൊ ഒരു ട്രീറ്റ് വേണ്ടെ?:-)

    ബിന്ദൂട്ടി ആദ്യം കൈ വെച്ചോണ്ട് നല്ല കൈപ്പുണ്ണ്യം എന്ന് പറഞ്ഞ് ബിന്ദൂട്ടീന്റെയും കയ്യില്‍ നിന്ന് ട്രീറ്റ് മേടിക്കാം :)

    By Anonymous Anonymous, at 21 August, 2006 09:42  

  • അഭിനന്ദനങ്ങള്‍:) ആദ്യം പറഞ്ഞിരുന്നു. ആ കമന്റ് എവിടെ പോയെന്തോ ?

    By Blogger സു | Su, at 21 August, 2006 09:47  

  • നന്ദി ഇഞ്ചീ. ഞാനതിനെക്കുറിച്ച്‌ ആലോചിച്ചുവന്നപ്പോഴേക്കും ഇഞ്ചിമിട്ടായി വിതരണം കഴിഞ്ഞല്ലോ!

    By Blogger ബാബു, at 21 August, 2006 09:50  

  • അഭിനന്ദനങ്ങള്‍!! അപ്പോള്‍ ട്രീറ്റെന്നാണെന്നാ പറഞ്ഞത്?? ഇഞ്ചിപെണ്ണേ.. വച്ചിട്ടുണ്ട് ഞാന്‍. :)

    By Blogger ബിന്ദു, at 21 August, 2006 09:59  

  • നല്ല കഥ...ചിന്തിക്കേണ്ടതും....

    By Blogger തറവാടി, at 21 August, 2006 10:29  

Post a Comment

<< Home