ചുമരെഴുത്ത്

Saturday, September 13, 2008

ചൂണ്ട

വര്‍ണ്ണത്തൂവലും,
പൊങ്ങും, ചരടും,
പട്ടുനൂലും കെട്ടി
വരിഞ്ഞുമുറുക്കി
വരികളൊരുക്കി
ഹൃത്തടങ്ങളിലേക്കെറിയുമ്പോള്‍
ഉദ്ദേശ്യമൊന്നേയുള്ളു.

ഒരു അനുവാചകനെങ്കിലും
ഒന്നുകൊത്തണം
കൊളുത്തിവലിയണം.

കൂര്‍ത്ത അര്‍ത്ഥങ്ങള്‍
തൊണ്ടയില്‍ത്തടഞ്ഞ്‌
മുറിവേല്‍പ്പിച്ച്‌
ചങ്കിലേക്കിറങ്ങണം.

താളുമറിഞ്ഞ്‌
കണ്ണ്‌ ഊരി രക്ഷപെട്ടാലും
നീറ്റല്‍ നിലനില്‍ക്കണം.

ചാരായംപോലെ
തലയ്ക്കുപിടിക്കണം.

അതിന്റെയോര്‍മ്മയില്‍
അടുത്ത കൊളുത്തും നോക്കി
കാത്തുകാത്തിരിക്കണം.

Monday, August 28, 2006

ചീട്ടുകൊട്ടാരം



വാക്കുകളുടെ
മാന്ത്രികച്ചീട്ടുകള്‍
തന്റെമുന്നില്‍
കവി നിരത്തിവച്ചു.

പതുക്കെ
സൂഷ്മതയോടെ
ഒന്നിനുമുകളിലൊന്നായി
ചരിച്ചുകിടത്തി
നിവര്‍ത്തിയിരുത്തി
അങ്ങോട്ടുമൊങ്ങോട്ടും താങ്ങി
ഒരു ചീട്ടുകൊട്ടാരം
കെട്ടിപ്പൊക്കി.

രാജാവും റാണിയും
ആഡുതനും ക്ലാവരും
നിറങ്ങളും അക്കങ്ങളും
അക്ഷരങ്ങളും പടങ്ങളും
ഒരു പുത്തന്‍ക്രമത്തില്‍
ചേര്‍ത്തിണക്കി.

ഈ സമയമെല്ലാം
കവി
ശ്വാസംപിടിച്ചിരുന്നു.
ചീട്ടുകൊട്ടാരമെങ്ങാനും
മറിഞ്ഞുവീണാലോ!

ആഹ്ലാദത്തോടെ
അനുവാചകനെ കാണിച്ചു.
പക്ഷെ,
മുഖവുരപറയുവാന്‍
വിട്ടുപോയി.

ശ്വാസംവിടരുതെന്ന്.


വിഭാഗം: കവിത

Wednesday, August 16, 2006

നിശ്ശബ്ദത

പെരുമാരി പെയ്തൊരു കര്‍ക്കിടക നാളില്‍
പരുമലപ്പള്ളിപ്പറമ്പിന്നരികില്‍
തിരുചിത്രം വില്‍ക്കും കടകളും താണ്ടി
തിരുമേനിക്കബ്ബറു ഞാന്‍ കാണുവാന്‍ പോയി

ഭാര്യാമണി പറഞ്ഞേല്‍പിച്ചിരുന്നു
"ഒരുനാള്‍ മറക്കാതെ പള്ളിയില്‍ പോകൂ
ഒരു നല്ലകാര്യം നടന്നതിന്‍ മൂലം
ഇരുനൂറു രൂപ ഞാന്‍ നേര്‍ന്നിരുന്നല്ലൊ"

പരലോകം പൂകിയ പൂര്‍വികര്‍ക്കായും
പരവശ രോഗിതന്‍ ആശ്വാസത്തിന്നും
പരീക്ഷ പാസ്സാകാന്‍ കുഞ്ഞുകാല്‍ കാണാന്‍
പ്രാര്‍ഥനയര്‍പ്പിപ്പോര്‍ ചുറ്റിലും നില്‍പൂ

എന്തൊരു ശാന്തത, എത്ര നിശ്ശബ്ദം
എന്തു പരിശുദ്ധമീയന്തരീക്ഷം
ഭക്തനല്ലെങ്കിലും ഭക്തര്‍ നടുവില്‍
ഏകനായ്‌ നിന്നു ഞാന്‍ ഏറെസ്സമയം

എങ്കിലുമെന്‍മനം ശബ്ദനിബിഡം
പെങ്ങളുമമ്മയുമാശുപത്രിയില്‍
ഒറ്റയ്ക്കഛന്‍, ഞാന്‍ സംരക്ഷിക്കേണ്ടവന്‍
പിറ്റെന്നു വിദേശത്തേക്കു മടങ്ങും.

ചിന്താവിവശനായ്‌ ചുറ്റിലുംനോക്കെ
അന്തികെ ചുമരില്‍ വെളിപ്പെട്ടു കണ്ടു
"നിശ്ശബ്ദത പാലിക്കുക"യെന്നുള്ള
നിര്‍ദ്ദേശവാക്യത്തിന്‍ വ്യംഗ്യാര്‍ഥ വ്യാപ്തി

സംസാരസാഗര സഞ്ചാരമദ്ധ്യേ
സംക്ഷോഭ നാളുകള്‍ താണ്ടിക്കടക്കാന്‍
ചിന്തകളൊളമടിച്ചുലയാതെ
മാനസം നിശ്ശബ്ദമാകണമത്രെ.

Friday, August 04, 2006

മറവി

മരണത്തിനു മറവിയില്ല
തീര്‍ച്ചയാണ്‌.
ചരിത്രത്തിന്റെ ഏടുകള്‍
എല്ലാം തിരഞ്ഞിട്ടും
മരണം മറന്ന
മനുഷ്യനെ കണ്ടില്ല

മറവിക്കു മരണമുണ്ടോ?
തീര്‍ച്ചയല്ല.
ഓര്‍മ്മയുടെ ഏടുകള്‍
ഒന്നൊന്നായ്‌ കാര്‍ന്നുതിന്ന്
ഓരോദിനം തോറും
വളര്‍ന്നു കാണുന്നു.


ഒടുവില്‍
മരണം മറക്കാതെ
മെയ്യ്‌ കയ്യടുക്കുമ്പോള്‍
മറവി മരിക്കുമോ?
അതോ
മെല്ലെ ഇഴഞ്ഞിറങ്ങി
മറ്റുള്ളവര്‍ മനസ്സിലെ
എന്നെക്കുറിച്ചോര്‍മകള്‍
തിന്നു തീര്‍ക്കുമൊ?

Sunday, July 30, 2006

ചുമര്‍ചിത്രം

ഇന്നുരാവിലെ വരെ
വഴിപോക്കരാരും
ഈ ചുമരിനെ
തീരെ ശ്രദ്ധിച്ചിരുന്നില്ല.

പഴകിമങ്ങിയ നോട്ടീസുകളും
പരസ്യങ്ങളും
പണ്ടാരോ പകര്‍ത്തിയ
കുറെ മുദ്രാവാക്യങ്ങളും
മാത്രം.

ജാക്സണ്‍ പോളോക്‌ വരച്ച
ആധുനിക ചിത്രങ്ങള്‍
നിങ്ങള്‍ കണ്ടുകാണും.
നിലത്തിട്ട കാന്‌വാസില്‍
പല നിറങ്ങളില്‍
ചായങ്ങള്‍ വലിച്ചെറിഞ്ഞും
ഇറ്റിറ്റുവീഴ്തിയും രൂപപ്പെട്ടവ.
കോടികള്‍ വിലയുള്ളവ.

ചുമരിലെ പുതിയ ചിത്രം നോക്കൂ.
ഇതു തീര്‍ക്കാന്‍
ഒരു നിമിഷമേ വേണ്ടിവന്നുള്ളു.
ഒരു ഫ്ലാഷുകൊണ്ട്‌
ഒരു കളര്‍ ഫോട്ടോ
ഒരുക്കുന്നപോലെ.

ഇതിന്‌
ഫോട്ടോഗ്രാഫിയുടേയും
പോളോക്കിന്റെയും
ടെക്നിക്കുകളുപയോഗിച്ചു.

ആദ്യം
പഴകാലഫ്ലാഷുകള്‍ പോലെ
രാസസമ്മിശ്രത്തിന്റെ
ഒരു വിസ്ഫോടനം.

ഇനാമല്‍ നിറങ്ങള്‍ക്കു പകരം
ചുമരിലെറിഞ്ഞത്‌
ഓര്‍ഗാനിക്‌ നിറങ്ങള്‍,
ബയോഡിഗ്രേഡബിള്‍ ചായങ്ങള്‍.

തണ്ണിമത്തന്റെ
ഹൃദയത്തിന്റെ ചുവപ്പും,
തോടിന്റെ പച്ചയും,
അങ്ങുമിങ്ങും
കുരുക്കളുടെ കറുപ്പും.

പല പച്ചകളുണ്ട്‌.
അച്ചിങ്ങപ്പയറിന്റെ,
ക്യാബേജിന്റെ,
പലതരം പച്ചമുളകിന്റെ.

തണ്ണിമത്തനും തക്കാളിയുമൊപ്പം
രക്തത്തിന്റെയും ചുവപ്പ്‌.
ഇടക്കിടെ പരന്നുകാണുന്നത്‌
തലച്ചോറുകളുടെ നിറമാണ്‌.

ഒരേ നിറമെങ്കിലും
ഒന്നില്‍ കുത്തിനിറച്ചിരുന്നത്‌
മതഭ്രാന്തരുടെ പ്രചരണങ്ങളും,
വാഗ്ദാനങ്ങളും.

വേറൊന്നില്‍ നിറഞ്ഞിരുന്നത്‌
പച്ചക്കറികള്‍ വിറ്റ്‌
കുടുംബം പോറ്റാനുള്ള ആകാംക്ഷ.
പക്ഷേ പടത്തില്‍
നിങ്ങള്‍ക്കത്‌ കാണാനാവില്ല.

ഇതു ജീവനില്‍ ചാലിച്ച ചിത്രം.
ചായങ്ങളുണങ്ങുംതോറും,
നിറങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന
ജീവനുള്ള രചന.

ഈ ചിത്രം
വില്‍പനയ്ക്കല്ല.
ഇതിന്റെ വില
രചനതീരും മുമ്പേ
കൊടുത്തുകഴിഞ്ഞിരുന്നു.