ചുമരെഴുത്ത്

Wednesday, August 16, 2006

നിശ്ശബ്ദത

പെരുമാരി പെയ്തൊരു കര്‍ക്കിടക നാളില്‍
പരുമലപ്പള്ളിപ്പറമ്പിന്നരികില്‍
തിരുചിത്രം വില്‍ക്കും കടകളും താണ്ടി
തിരുമേനിക്കബ്ബറു ഞാന്‍ കാണുവാന്‍ പോയി

ഭാര്യാമണി പറഞ്ഞേല്‍പിച്ചിരുന്നു
"ഒരുനാള്‍ മറക്കാതെ പള്ളിയില്‍ പോകൂ
ഒരു നല്ലകാര്യം നടന്നതിന്‍ മൂലം
ഇരുനൂറു രൂപ ഞാന്‍ നേര്‍ന്നിരുന്നല്ലൊ"

പരലോകം പൂകിയ പൂര്‍വികര്‍ക്കായും
പരവശ രോഗിതന്‍ ആശ്വാസത്തിന്നും
പരീക്ഷ പാസ്സാകാന്‍ കുഞ്ഞുകാല്‍ കാണാന്‍
പ്രാര്‍ഥനയര്‍പ്പിപ്പോര്‍ ചുറ്റിലും നില്‍പൂ

എന്തൊരു ശാന്തത, എത്ര നിശ്ശബ്ദം
എന്തു പരിശുദ്ധമീയന്തരീക്ഷം
ഭക്തനല്ലെങ്കിലും ഭക്തര്‍ നടുവില്‍
ഏകനായ്‌ നിന്നു ഞാന്‍ ഏറെസ്സമയം

എങ്കിലുമെന്‍മനം ശബ്ദനിബിഡം
പെങ്ങളുമമ്മയുമാശുപത്രിയില്‍
ഒറ്റയ്ക്കഛന്‍, ഞാന്‍ സംരക്ഷിക്കേണ്ടവന്‍
പിറ്റെന്നു വിദേശത്തേക്കു മടങ്ങും.

ചിന്താവിവശനായ്‌ ചുറ്റിലുംനോക്കെ
അന്തികെ ചുമരില്‍ വെളിപ്പെട്ടു കണ്ടു
"നിശ്ശബ്ദത പാലിക്കുക"യെന്നുള്ള
നിര്‍ദ്ദേശവാക്യത്തിന്‍ വ്യംഗ്യാര്‍ഥ വ്യാപ്തി

സംസാരസാഗര സഞ്ചാരമദ്ധ്യേ
സംക്ഷോഭ നാളുകള്‍ താണ്ടിക്കടക്കാന്‍
ചിന്തകളൊളമടിച്ചുലയാതെ
മാനസം നിശ്ശബ്ദമാകണമത്രെ.

56 Comments:

  • തികച്ചും വൈയക്തികമായ ഒരു അനുഭവവും അതില്‍നിന്നുളവായ ഉള്‍ക്കാഴ്ചയുമാണ്‌ വിഷയം. പദ്യമാണ്‌ ഇതിനുപറ്റിയ രൂപമെന്ന് തോന്നി. ഇതില്‍ കവിതയുണ്ടോ എന്നു തീരുമാനിക്കേണ്ടത്‌ നിങ്ങള്‍. ദയവായി അറിയിക്കൂ.

    രാജമാണിക്യം അടുത്തയിടെ പോസ്റ്റുചെയ്ത:

    'അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
    അതിനുള്ളിലാനന്ദദീപംകൊളുത്തി'

    എന്ന, പണ്ടു സ്കൂളുകളില്‍ ചൊല്ലുമായിരുന്ന, പദ്യത്തിന്റെയൊ അല്ലെങ്കില്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയുടെയോ ഈണത്തില്‍ ചൊല്ലാം. വൃത്തമോ ലക്ഷണമോ ഓര്‍മ്മയില്ല, അത്‌ ഉമേഷിന്‌ വിട്ടിരിക്കുന്നു. (ദ്രുതകാകളിയൊ അതിന്റെ വകഭേദം വല്ലതുമോ ആയിരിക്കും.)

    By Blogger ബാബു, at 16 August, 2006 18:22  

  • കൊള്ളാം മനോഹരമായിരിക്കുന്നു. ഇന്നത്തെ കാലത്ത്‌ വൃത്തം എന്ന വ്യാകരണമാരണത്തെ താങ്കള്‍ ഓര്‍ക്കുന്നതെന്തിന്‌? കവിത പാടാനുള്ളതല്ല. വായിച്ചാസ്വാദിക്കാനുള്ളതാണ്‌. താളബോധമാണുദ്ദേശ്യമെങ്കില്‍ അതിന്‌ വൃത്തം വേണമെന്ന നിബന്ധനയൊന്നുമില്ല. എഴുതുന്ന ആളുടെ താളബോധം പ്രതിഫലിക്കുമാറ്‌ പദങ്ങളെയും വരികളെയും ക്രമീകരിച്ചാല്‍ മാത്രം മതി.

    By Blogger പോരാളി, at 17 August, 2006 00:14  

  • http://lapuda.blogspot.com/

    By Blogger K.V Manikantan, at 17 August, 2006 00:17  

  • മരയ്ക്കാര്‍ക്ക്‌ 100% പിന്തുണ.
    ബാബു ഈ ബ്ലോഗ്ഗ്‌ ഒന്ന് നോക്കാമോ?

    http://lapuda.blogspot.com/

    By Blogger K.V Manikantan, at 17 August, 2006 00:18  

  • നന്ദി മരക്കാര്‍. ഞാന്‍ നേരത്തെ എഴുതിയ കവിതകള്‍ (മറവി, ചുമര്‍ചിത്രം) വായിക്കൂ. വൃത്തത്തിലല്ല. അടുത്തയിടെ ഉമേഷിന്റെ നേതൃത്ത്വത്തില്‍ നടന്ന ചില ശ്ലോകങ്ങളുടെ തര്‍ജ്ജമയില്‍ പങ്കെടുത്തശേഷം വൃത്തത്തിലെഴുതുണമെന്നു തോന്നി. ഒരു challenge!


    സങ്കുചിത മനസ്കന്‍, നന്ദി. എനിക്ക്‌ ലാപുഡയുടെ കവിതകള്‍ വളരെ ഇഷ്ടമാണ്‌. വായിക്കാറും കമന്റിടാറുമുണ്ട്‌.

    By Blogger ബാബു, at 17 August, 2006 04:56  

  • വൃത്തം വന്നാല്‍ കവിതയില്ലാതാവുമെന്നു മരക്കാര്‍ പറഞ്ഞുവോ? ‘ഇക്കാലത്തു്’ എന്ന പ്രയോഗം ഒട്ടും മനസ്സിലായില്ല. ഇക്കാലത്തിനു കഴിഞ്ഞ കാലത്തില്‍ നിന്നെന്താണു പ്രത്യേകത? ആളുകളുടെ താളബോധങ്ങള്‍ക്കു പാറ്റേണുകള്‍ ഇല്ലാതായിയെന്നാണോ?

    ആസ്വാദനം എന്ന കലയുടെ ഭാഗമായി ‘സ്വതേയുള്ള താളങ്ങള്‍ക്കു’ പാറ്റേണുകള്‍ നിര്‍ണ്ണയിക്കുക മാത്രമല്ലേ വൃത്തങ്ങള്‍ ചെയ്യുന്നുള്ളൂ. വൃത്തം വ്യാകരണമല്ലെന്നും ചൊല്ലുവാനുള്ള (പാടുക എന്നല്ല പറഞ്ഞില്ല) മീറ്റര്‍ (ഛന്ദസ്സ്) ആണെന്നും പറഞ്ഞുപോകാതെ വയ്യ. കവിത ചൊല്ലുന്നതിനാണോ വായിക്കുന്നതിനാണോ കൂടുതല്‍ സ്വീകാര്യതയെന്നു കവി തീരുമാനിക്കട്ടെ.

    By Blogger രാജ്, at 17 August, 2006 05:18  

  • വൃത്തത്തിനെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. കവിത ഇഷ്ടപ്പെട്ടു.

    ലാപുഡയുടെ ബ്ലോഗ് നോക്കാന്‍ പറയാനാണ് വന്നത്.സങ്കുചിതന്‍ ചേട്ടന്‍ പറഞ്ഞല്ലോ.:)

    By Blogger Unknown, at 17 August, 2006 05:41  

  • ആത്മ വിദ്യാലയമെ അവനിയില്‍ ആത്മ വിദ്യാലയമെ............

    കവിതയും, ലഭിക്കുന്നത്‌ ഏകാന്തതയില്‍ അന്ധകാരത്തില്‍, നിശ്ശബ്ദതയില്‍.

    എല്ലാരുമെത്തുന്നിടം - പരിപൂര്‍ണ ശാന്തിക്കായ്‌.

    ഭൂലോകം ഒരു ശ്മശാനം.

    എല്ല വാസ്തുശില്‍പ്പവും, ബില്‍ഡിംഗുകളും സ്മാരകങ്ങള്‍.

    എല്ലാ സംഗീതവും മരണമണി.

    By Blogger അഭയാര്‍ത്ഥി, at 17 August, 2006 05:53  

  • വൃത്തവും ചതുരവും ഒന്നും അറിയില്ല. കവിത എനിക്ക് തോന്നിയ താളത്തില്‍ പാടി. എനിക്കിഷ്ടപ്പെട്ടു.

    By Blogger സു | Su, at 17 August, 2006 05:57  

  • മരയ്ക്കാരെക്കൊണ്ടു് “വൃത്തം എന്ന വ്യാകരണമാരണത്തെ...” എന്നു പറയിപ്പിച്ച ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റി എനിക്കു ലജ്ജ തോന്നുന്നു.

    വൃത്തം, അലങ്കാരം തുടങ്ങിയവ സ്കൂളില്‍ പഠിപ്പിക്കരുതു്. പരീക്ഷയ്ക്കു ചോദിക്കുകയും അരുതു്. കാവ്യാസ്വാദനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ പറഞ്ഞുപോവുകയേ ചെയ്യാവൂ. കവിത ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ അതിനു താളമുണ്ടെങ്കില്‍ അതിനെപ്പറ്റി പറയുക. അര്‍ത്ഥമുണ്ടെങ്കില്‍ അതിനെപ്പറ്റി പറയുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി പഴയ ആളുകള്‍ അലങ്കാരങ്ങള്‍ എന്നും രസങ്ങള്‍ എന്നും പറഞ്ഞു് പലതും ഉണ്ടാക്കിയിരുന്നു എന്നും പറയുക. അതല്ലാതെ അവയെപ്പറ്റി വിശദമായി പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്യുന്നതു് മലയാളം ബി. എ. ക്ലാസ്സിനു മുമ്പു വേണ്ടാ എന്നാണു് എന്റെ അഭിപ്രായം.

    ഇങ്ങനെ ആയാലേ ഇതൊക്കെ മാരണങ്ങളാണു് എന്ന ചിന്ത നമ്മുടെ മനസ്സില്‍ നിന്നു പോകൂ.

    വൃത്തവും അലങ്കാരവും മാത്രമല്ല, ലോഗരിതവും കാല്‍ക്കുലസ്സും ഭൂപടങ്ങളും ഇക്കോസിസ്റ്റവും പൌരധര്‍മ്മവും സിന്ധുനദീതടസംസ്കാരവും മഹാത്മാഗാന്ധിയും രാജാ രവി വര്‍മ്മയും ഐസക് ന്യൂട്ടനും വള്ളത്തോളും കുഞ്ഞാലിമരയ്ക്കാരും അക്ബറും ഐക്യരാഷ്ട്രസംഘടനയുമൊക്കെ മാരണങ്ങളാണെന്നു വിചാരിക്കുന്ന ഒരുപാടു പേര്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തു വരുന്നുണ്ടു്. അവര്‍ക്കു് ഇവയൊക്കെ പരീക്ഷാഹാളില്‍ വെച്ചു ചോദ്യക്കടലാസ്സിലിരുന്നുകൊണ്ടു് ഇളിച്ചുകാട്ടുന്ന മാരണങ്ങള്‍ മാത്രമാണു്.

    മരയ്ക്കാര്‍ പറഞ്ഞ കാര്യത്തോടു് എനിക്കു യോജിപ്പാണു്. പദ്യവും കവിതയും രണ്ടാണു്. അതു രണ്ടുമായ ഒരു സാധനം ബാബു എഴുതാന്‍ ശ്രമിച്ചതില്‍ എന്താണു തെറ്റു്? ചിന്തയില്‍ കാവ്യം എന്നൊരാള്‍ ഇതിനു നേര്‍വിപരീതമായി ഒരു വാദം നടത്തുന്നതും കണ്ടിട്ടുണ്ടു്. വൃത്തമില്ലെങ്കില്‍ കവിതയാവില്ല എന്നാണു് അദ്ദേഹത്തിന്റെ വാദം. രണ്ടും ഒരുപോലെ ബാലിശമാണു്. ഒരു പക്ഷേ, കവിത എന്നു പറഞ്ഞു് നമ്മളെ പഠിപ്പിച്ചിരിക്കുന്നതു മുഴുവന്‍ പദ്യം ആയതുകൊണ്ടാവാം. (പുസ്തകങ്ങളില്‍ ഗദ്യം, പദ്യം എന്നു തന്നെയായിരുന്നു. പഠിപ്പിച്ചവരാകണം ഈ തെറ്റു വരുത്തിയതു്.)
    മരയ്ക്കാര്‍ പറഞ്ഞ താളബോധം തന്നെയാണു വൃത്തം. ഒരേ താളത്തിലുള്ള പദ്യങ്ങളെ തിരിച്ചറിയാന്‍ ഉള്ള ഒരു നൊട്ടേഷന്‍ മാത്രമാണു വൃത്തം. ഈ പദ്യം “അഖിലാണ്ഡമണ്ഡലം...” എന്നതിന്റെ രീതിയിലാണു് എന്നുപറയുമ്പോഴും നാം വൃത്തമാണു വിവക്ഷിക്കുന്നതു്. അതിനിനി ഊനതരംഗിണി എന്നോ ഹംസദ്ധ്വനി എന്നോ മറ്റോ ഒരു പേരു് ആരെങ്കിലും കണ്ടുപിടിച്ചാല്‍ത്തന്നെ അതിന്റെ അര്‍ത്ഥം മാറില്ല. മാറരുതു്.

    സംഗീതം മറ്റൊരു ഉദാഹരണം. രാഗവും താളവുമുണ്ടു് അതില്‍. ഇതു രണ്ടും അറിയാത്തവരും പാടുന്നില്ലേ? ആസ്വദിക്കുന്നില്ലേ? സംഗീതം അഭ്യസിക്കുന്നതു വൃത്തം മനസ്സിലാക്കുന്നതിനേക്കാള്‍ വളരെ ബുദ്ധിമുട്ടാണു്. എങ്കിലും സംഗീതത്തില്‍ രാഗതാളങ്ങള്‍ക്കുള്ള പ്രാധാന്യം ആരും കുറച്ചുകാണുന്നില്ലല്ലോ.

    ഒരു വ്യാകരണമാരണം കൂടി (ഇതിനെ ഓഫ്‌ടോപ്പിക് എന്നും പറയും):
    മരയ്ക്കാര്‍‍ക്കൊരു ‘യ’ വേണ്ടേ മരയ്ക്കാരേ? അതോ മരം കൊണ്ടുള്ള കാര്‍ എന്നാണോ വിവക്ഷ? :-)

    By Blogger ഉമേഷ്::Umesh, at 17 August, 2006 09:23  

  • പത്താം ക്ലാസ് വരെ വൃത്തവും വ്യാകരണവും പഠിപ്പിച്ചിട്ട് പ്രീഡിഗ്രി മുതല്‍ ആസ്വാദനം മാത്രം.അതെന്താ‍ അങ്ങനെ??

    ഇതെല്ലാം ആസ്വദിച്ച് പഠിക്കാന്‍ ഭാഗ്യം ലഭിച്ച ഒരുവള്‍

    By Blogger വല്യമ്മായി, at 17 August, 2006 09:30  

  • ഒന്നുകൂടി. താളമില്ലാതെ എഴുതുന്ന ‘പദ്യങ്ങളെ’ പരാമര്‍ശിക്കാന്‍ ഒരു വൃത്തം(ഛന്ദസ്സ്) ഛന്ദശ്ശാസ്ത്രത്തിലുണ്ടു്. “മുക്തഛന്ദസ്സ്” എന്നാണു് അതിന്റെ പേരു്. ചമ്പുക്കളിലും എന്തിനു് മഹാഭാരതത്തില്‍ വരെ ഇതിനു് ഉദാഹരണങ്ങളുണ്ടു്. വേദവ്യാസന്‍ കവിയല്ല എന്നു് ഇതുകൊണ്ടു് ആരും പറയില്ലല്ലോ. മറിച്ചു്, വൃത്തത്തിലെഴുതിയിട്ടുള്ളതുകൊണ്ടു് അദ്ദേഹം കവിയല്ല എന്നു പറയുന്നതും ശരിയല്ലല്ലോ.

    പെരിങ്ങോടന്‍ പറഞ്ഞതുപോലെ നല്ല കവിത കാലാതിശായിയാണു്. കാളിദാസന്റെ കവിത ഇന്നും ആളുകള്‍ വായിക്കുന്നു. കുണ്ടൂര്‍ നാരായണമേനോനെ വായിക്കുന്നില്ല. രണ്ടുപേരും സംസ്കൃതവൃത്തങ്ങളില്‍ തെറ്റില്ലാതെ കവിതയെഴുതിയവരാണു്.

    മരയ്ക്കാരുടെ വാകുകളിലെ “ഇന്നത്തെ കാലത്തു്” എന്നതിനു “വിവരമില്ലാത്തവര്‍ കൂടുതലുള്ള ഈ കാലത്തു്” എന്നതില്‍ക്കൂടുതല്‍ അര്‍ത്ഥമൊന്നും എനിക്കു തോന്നുന്നുമില്ല.

    By Blogger ഉമേഷ്::Umesh, at 17 August, 2006 09:44  

  • കവിത ചൊല്ലാനുള്ളതല്ല
    വായിക്കാനുള്ളതാണ്‌.

    പദ്യത്തിന്റെ കാലം കഴിഞ്ഞു. ഉമേഷ്ജി. പക്ഷേ താങ്കളുടെ തര്‍ജ്ജമകള്‍ പലതും ഞാന്‍ ശ്രമിച്ചു നോക്കാറുണ്ട്‌ നല്ലതല്ല എന്ന് തോന്നുന്നതിനാല്‍ പോസ്റ്റാറില്ല എന്ന് മാത്രം.

    കവിതയില്‍ നിന്ന് ഒരു വാക്ക്‌ മാറ്റിയാല്‍ അപൂര്‍ണ്ണത വരണം. (ചെറുകഥയില്‍ നിന്ന് ഒരു വാചകം മാറ്റിയാലും.)
    അല്ലാതെ ചുമ്മാ ചെമ്മേ... തെല്ലു എന്നിങ്ങനെ വൃത്തം ഒപ്പിക്കാന്‍ എഴുതുന്ന പദ്യങ്ങള്‍ കാലഹരണപ്പെട്ടു.

    എന്നെ കൊല്ലല്ലേ....

    കവിത കയറുന്നത്‌ ഹൃദയത്തിലേക്കാണ്‌, ചെവിയിലേക്കല്ല.

    ഉദാ:
    ഞാന്‍ ചിന്തിക്കുന്നതെന്തെന്ന്
    അവര്‍ ചിന്തിക്കുന്നതെന്തോ
    അതിന്റെ പേരില്‍ അവരെന്നെ ജെയിലിലിടും.

    ഒരു ദക്ഷിണാഫ്രിക്കന്‍ കവി എഴുതിയതാണ്‌. വിവര്‍ത്തനം അന്‍വര്‍ അലി.

    വൃത്തം അനാവശ്യമല്ലേ?

    എങ്കിലും ഞാന്‍ താങ്കളുടെ തര്‍ജ്ജമ ബ്ലോഗ്ഗ്‌ ഇഷ്ടപ്പെടുന്നു...

    By Blogger K.V Manikantan, at 17 August, 2006 12:58  

  • സങ്കുചിതാ,

    എന്റെ തര്‍ജ്ജമ മോശമാണെന്നു പറയുന്നതില്‍ എനിക്കു് എതിരഭിപ്രായമില്ല. അതു സത്യമാണു താനും. ബ്ലോഗില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കതു വായിക്കേണ്ടി വരുമായിരുന്നില്ല :)

    പക്ഷേ, കാളിദാസന്‍ മുതല്‍ കടമ്മനിട്ട വരെയുള്ളവര്‍ എഴുതിയതു കവിത അല്ല എന്നു പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വരും. സച്ചിദാനന്ദന്‍ എഴുതുന്നതു കവിത അല്ല എന്നു ഞാന്‍ പറയുന്നില്ലല്ലോ‍.

    കവിതയെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായം നല്ലതുതന്നെ. പക്ഷേ, ഭൂരി‍പക്ഷവും താങ്കളുടെ കൂടെ ആവണമെന്നില്ല.

    ജനങ്ങളുടെ പ്രശ്നങ്ങളും വിപ്ലവവുമില്ലാത്ത ഒന്നും കവിതയല്ല എന്നു പറഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനെ എനിക്കറിയാം.

    നിഷ്‌ഫലമല്ലീ ജന്മം, തോഴ, നിനക്കായ് പാടുമ്പോള്‍
    നിഷ്‌ഫലമല്ലീ ഗാനം, നീയിതു മൂളി നടക്കുമ്പോള്‍...


    എന്നതു് അദ്ദേഹത്തിനു കവിതയല്ലായിരുന്നു.

    എന്റെ മൂലക്കുരുവില്‍ നിന്നു വരുന്ന രക്തം
    നാളത്തെ വിപ്ലവത്തിന്റെ ബീജാങ്കുരമാണു്...


    എന്നെഴുതിയാല്‍ കവിതയുമായിരുന്നു.

    അതു് അദ്ദേഹത്തിന്റെ, അദ്ദേഹത്തിന്റെ മാത്രം, അഭിപ്രായം.

    By Blogger ഉമേഷ്::Umesh, at 17 August, 2006 13:59  

  • എല്ലാ യഥാര്‍‌ത്ഥകവികള്‍‌ക്കും വൃത്തത്തില്‍ കവിതയെഴുതാന്‍ കഴിയും. അതൊരു പരീക്ഷപോലെയാണ്‍. ഉമേശറ് പറഞ്ഞതുപോലെ വൃത്തമാണു താളം, താളമാണ്‍ ജീവിതം. വൃത്തത്തില്‍ കവിതയെഴുതാനറിയാത്ത ‘കവികള്‍’ എന്തൊക്കെയോ verbal tricks വഴി കുറെ ഇമേജുകള്‍ കുത്തിത്തിരുകി വരികളുണ്ടാക്കും. വൃത്തത്തില്‍ നന്നായി കവിതയെഴുതാന്‍ കഴിയുന്നവന്‍/ള്‍ വൃത്തമില്ലാതെ എഴുതിയാലും നന്നായിത്തന്നെ ഇരിക്കും -- സച്ചി (വയലിനുകളുടെ താഴ്വര, രാമനാഥന്‍ പാടുമ്പോള്‍), ചുള്ളിക്കാട് (ഒരു കാമുകന്റെ ഡയറി, കുന്നിന്‍പുറത്തെ കാറ്റാടിമരങ്ങള്‍). അതിനു കഴിവില്ലാത്തവന്‍ എ അയ്യപ്പനായി നടക്കും (ബെന്നി പണ്ടൊരിക്കലെഴുതിയ “അയ്യപ്പതിന്തകത്തോം” എന്ന പോസ്റ്റ് വായിക്കുക. ലിങ്കിടാന്‍ സമയമില്ല. പ്രകൃതി വിളിക്കുന്നു.)

    ഏറ്റവും ചുരുക്കിപ്പറയുന്നതേ കവിതയാവൂ എന്നു പറയുന്നതും ഭോഷ്‌ക്കാണ്‍. എന്നാല്‍‌പ്പിന്നെ “ഓം” എന്ന് ഒരൊറ്റക്കവിത മതിയല്ലോ. ചിത്രത്തിനു ചായം വേണം, രൂപം വേണം, വെള്ളക്കാന്‍‌വാസ് പൊതുവെ ചിത്രമായി കൂട്ടിയിട്ടില്ല, ഹുസൈനൊഴിച്ച്.അന്തമാതിരി തന്നെ കവിതയും.

    കവിത ഭാവനയെ ജ്വലിപ്പിക്കണം, അതിനെ ഒരു കാട്ടുതീയാക്കണം. അതിനുവേണ്ട ഇന്ധനവും കാറ്റുമെല്ലാമാണ്‍ വൃത്തവും അലങ്കാരവും. കവിത മനസ്സിലിരുന്നാലേ രാത്രിയുടെ മൂന്നാം യാമത്തില്‍ കരളിലേക്കൊരു കഠാരക്കുത്തായി അതിനു കടന്നുവരാന്‍ കഴിയൂ. വൃത്തമുണ്ടെങ്കിലേ അതെളുപ്പം ഓര്‍‌ക്കാന്‍ കഴിയൂ. അലങ്കാരമുണ്ടെങ്കിലേ ഭാവന്യ്ക്കു കത്താന്‍ പുതിയ കാടുകള്‍ കിട്ടൂ.

    വൃത്തത്തിലെഴുതുന്നതെല്ലാം കവിതയാണെന്നു ഞാന്‍ പറയുന്നില്ല. ഉദാഹരണത്തിന്‍ ബാബു എഴുതിയിരിക്കുന്ന ഈ സാധനത്തില്‍ കവിതയ്ക്കു വേണ്ടി മുങ്ങിത്തപ്പി. പണ്ടു ഹോസ്റ്റലില്‍ കിട്ടിയിരുന്ന ബീഫ് കറിയില്‍ (200 പേര്‍ക്കു വയ്ക്കുന്നതില്‍) ഒന്നോ രണ്ടോ കഷണങ്ങളെങ്കിലും നിശ്ചയമായും കാണുമായിരുന്നു. ഒന്നോ രണ്ടോ ഭാഗ്യവാന്‍‌മാര്‍‌ക്കെങ്കിലും അതു കിട്ടുകയും ചെയ്യുമായിരുന്നു. ബാബുവിന്റെ പദ്യബീഫ് കറിയില്‍ കവിതക്കഷണങ്ങളിടാന്‍ പക്ഷേ മറന്നേപോയോ? അതോ എനിക്കുമുമ്പു വന്നവര്‍ എല്ലാം തിന്നോ?

    ഉമേശര്‍, മരാരാരാ രാജേഷ് വര്‍‌മ്മാജി എന്നിവര്‍ എന്തു പറയുന്നു?

    By Anonymous Anonymous, at 17 August, 2006 14:00  

  • ആരാണീ അനോണി? ഒരു ദേവരാഗം ടച്ചുണ്ടല്ലോ :)

    ശരിയാണു്, ബാബുവിന്റെ ഈ പദ്യത്തെക്കാള്‍ കവിതയുള്ളതു് അദ്ദേഹം നേരത്തെ പ്രസിദ്ധീകരിച്ച ഗദ്യത്തിനാണു്, എന്റെ അഭിപ്രായത്തില്‍.

    By Blogger ഉമേഷ്::Umesh, at 17 August, 2006 14:19  

  • This comment has been removed by a blog administrator.

    By Blogger സ്നേഹിതന്‍, at 17 August, 2006 16:18  

  • ഒരാള്‍ എന്നോടു കുറച്ചു വെള്ളം ചോദിച്ചു. വെള്ളത്തിനെ ഗ്ലാസ്സിന്റെ തടവിലിടേണ്ട എന്നു കരുതി ഞാന്‍ തറയില്‍ ഒഴിച്ചുകൊടുത്തു. സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത ആ ദ്രോഹി അതു നക്കിക്കുടിക്കാന്‍ തയാറായില്ല.

    ആറ്റുനോറ്റിരുന്ന് എനിക്ക് ഒരു മകനുണ്ടായി. വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അവന്‍ തടവിലാകാതിരിക്കാന്‍ ജനിച്ചയന്നുതന്നെ ആ ശിശുവിനെ ഞാന്‍ നഗരത്തിലെ പാര്‍‌ക്കിലുപേക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത പോലീസുകാര്‍ എന്നെ വിലങ്ങുവയ്ക്കാനെത്തി.

    എല്ലാം മടുത്തപ്പോള്‍ ഞാന്‍ വസ്ത്രങ്ങളുടെ തടവറയില്‍‌നിന്ന് എന്നെത്തന്നെ സ്വതന്ത്രനാക്കി വഴിയിലേക്കിറങ്ങി. സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത ലോകം എന്നെ കല്ലെറിഞ്ഞു.

    By Anonymous Anonymous, at 17 August, 2006 16:37  

  • This comment has been removed by a blog administrator.

    By Blogger സ്നേഹിതന്‍, at 17 August, 2006 16:53  

  • എച്ചൂസ് മീ
    അപ്പൊ ഈ വൃത്തം എന്ന് പറയുന്നത് ഗ്രാമര്‍ പോലെയല്ലെ? അപ്പൊ അല്ലെ?
    ഗ്രാമര്‍ ഇല്ലാണ്ട് എഴുതിയാല്‍ ഒരു സെന്റെസിന്റെ അര്‍ത്ഥം നഷ്ടമാവില്ലെ? അപ്പൊ അതുപോലെയല്ലെ ഈ കവിതേടെ വൃത്തം? ഉമേഷേട്ടന്‍ ഒന്ന് പറയൊ?
    അപ്പൊ ഈ വൃത്തമില്ലാത്ത കവിത എന്നുപറയുന്നത് സിനിമാറ്റിക്ക് ഡാന്‍സ് പോലെയാണൊ?

    By Anonymous Anonymous, at 17 August, 2006 16:56  

  • ചില്ലുമേടയിലിരുന്നു കല്ലെറിയരുതു “സ്നേഹിതാ” :) താങ്കളുടെ പേര്‍ എനിക്കും അറിയില്ലല്ലോ :) :)

    ഓടോ: ചോ: ചില്ലുമേടകളില്‍ വസിക്കുന്നവര്‍ തുണി മാറുന്നതെവിടെനിന്ന്? ഉ: ജനലുകളുടെ മുമ്പില്‍ നിന്ന്

    By Anonymous Anonymous, at 17 August, 2006 17:02  

  • അനോണി പറഞ്ഞതു് എനിക്കിഷ്ടപ്പെട്ടു.

    സ്നേഹിതാ, അനോണി അനോണിയായി നില്‍ക്കുന്നതു് കല്ലേറു ഭയന്നിട്ടാവില്ല. പേരു് എന്ന ചട്ടക്കൂടില്‍ കുരുങ്ങി സ്വന്തം സത്തയും സ്വത്വവും നഷ്ടപ്പെടാതിരിക്കാനാവും.

    ശ്രദ്ധിച്ചിട്ടില്ലേ, ഏതെങ്കിലും പേരു ചൊല്ലി വിളിച്ചാല്‍ നമ്മുടെ വ്യക്തിത്വം ചോര്‍ന്നു പോകുന്നതു്? പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യന്‍ ഒരിക്കലും ഇണയെ പേരു ചൊല്ലി വിളിക്കാറില്ലല്ലോ...

    :)

    By Blogger ഉമേഷ്::Umesh, at 17 August, 2006 17:03  

  • അതല്ലേ, “നൂറു ബ്ലോഗുകളില്‍ ഒരുമിച്ചൊരേസമയം തന്റെ സ്വന്തം പേരില്‍ പോസ്റ്റുചെയ്യുന്ന ജ്യേഷ്ഠന്‍ ഉമേശസേനന്‍ ഭീരുവെന്നുവിളിച്ചാല്‍ ഞാന്‍ പൊറുക്കും” എന്നോ മറ്റോ ഒരു സംഭാഷണശകലമില്ലേ “രണ്ടാമൂഴ”ത്തിലെവിടെയോ? :) :)

    By Anonymous Anonymous, at 17 August, 2006 17:12  

  • പറഞ്ഞിരിക്കുന്ന ഈണത്തില്‍ പാടി നോക്കി. അവസാനത്തേതിനു തൊട്ടു മുന്‍പുള്ള ഖണ്ഡികയില്‍ ആ ഈണം കിട്ടിയില്ല. അല്ല വൃത്തം ഒപ്പിച്ചെഴുതിയാല്‍ എന്താണു കുഴപ്പം? :)എന്നാലല്ലേ ഒരേ താളം വരൂ... അതല്ലേ അതിന്റെ ഒരു ഇത്? ;) ഞാന്‍ നില്‍ക്കുന്നില്ല.

    By Blogger ബിന്ദു, at 17 August, 2006 17:13  

  • This comment has been removed by a blog administrator.

    By Blogger സ്നേഹിതന്‍, at 17 August, 2006 17:19  

  • ഗ്രാമര്‍ പോലെയല്ല വൃത്തം. ഗ്രാമറില്ലാതെ ഒന്നും എഴുതാനാവില്ല. എഴുതിയാലതു ഭാഷയാവില്ല.

    വൃത്തമില്ലാതെ കവിതയെഴുതാം. വൃത്തം പദ്യത്തിന്റെ ഗ്രാമറാണെന്നു പറയാം. കവിതയുടേതല്ല.

    ഇഞ്ചി എഴുതുന്ന ഒരു കഥ വേണമെങ്കില്‍ കുത്തും കോമയുമൊന്നും ഇടാതെ, കഥാപാത്രങ്ങള്‍ക്കു പേരില്ലാതെ, പാരഗ്രാഫ് തിരിക്കാന്‍ മെനക്കെടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്താതെ, ആവശ്യത്തിനു സംഭാഷണങ്ങളും മറ്റു പൊടിപ്പും തൊങ്ങലുമൊന്നും ചേര്‍ക്കാതെ എഴുതാന്‍ കഴിയില്ലേ? അതിലെ ആശയം ഒട്ടും കുറയുന്നില്ലല്ലോ. വായിക്കുന്നവനു മനസ്സിലാവുകയും ചെയ്യും.

    അതേ സാധനം തന്നെ അല്പം കൂടെ പണിപ്പെട്ടാല്‍ കുറച്ചുകൂടി ഭംഗിയാവില്ലേ? പക്ഷേ അതിനു സന്തോഷിന്റെ ലേഖനം വായിക്കേണ്ടി വരും. നിഘണ്ടു നോക്കേണ്ടി വരും. എഴുതിയതു മാറ്റിയെഴുതേണ്ടി വരും. കഥാപാത്രങ്ങള്‍ക്കു പേരു കൊടുക്കേണ്ടി വരും. ഇതൊക്കെ അതിന്റെ പുറം‌മോടി കൂട്ടുന്ന കാര്യങ്ങളല്ലേ? പക്ഷേ, ഇവ കഥയുടെ ഭംഗി കൂട്ടുന്നില്ലേ?

    ഇതുപോലെയാണു കവിതയ്ക്കു വൃത്തം/താളം. അല്പം കൂടി പണിയുണ്ടു്. (പരിചയമുള്ളവര്‍ക്കു പണി കുറയും.) അധികവും പുറം‌മോടിയാണു്. എങ്കിലും നന്നായി ചെയ്താല്‍ ഭംഗി കൂടും.

    വളരെ നന്നായി പാരഗ്രാഫ് തിരിച്ചു്, അക്ഷരത്തെറ്റില്ലാതെ ഒരു ചവറു കഥ എഴുതിയാല്‍ അതു നല്ല കഥയാവുമോ? അതുപോലെയാണു കാകളിയിലോ വസന്തതിലകത്തിലോ എഴുതിയ അര്‍ത്ഥമില്ലാത്ത ഇരുകാലികളും നാല്‍ക്കാലികളും.

    ചാറ്റ്‌വിന്‍ഡോയില്‍ ടൈപ്പു ചെയ്യുമ്പോഴും, ടെലഗ്രാം അയയ്ക്കുമ്പോഴും, ചിലപ്പോള്‍ ഇ-മെയില്‍ അയയ്ക്കുമ്പോഴും നാം ഇതൊന്നും നോക്കാറില്ലല്ലോ? എങ്കിലും അവയിലെ ആശയങ്ങള്‍ക്കു വിലയുണ്ടല്ലോ? അതുപോലെയാണു വൃത്തമില്ലാത്ത കവിത.

    അക്ഷരത്തെറ്റില്ലാതെ, പാരഗ്രാഫ് തിരിച്ചു്, സംഭാഷണങ്ങള്‍ ചേര്‍ത്തു്, നല്ല വാക്കുകള്‍ ചേര്‍ത്തു്, ഒരു നല്ല ആശയത്തെ പ്രതിപാദിക്കുന്ന ഒരു കഥ വായിക്കാന്‍ എനിക്കിഷ്ടമാണു്. അതുപോലെ താളവും ആശയവുമുള്ള ഒരു കവിതയും.

    By Blogger ഉമേഷ്::Umesh, at 17 August, 2006 17:20  

  • ഉമേഷേട്ടാ
    ഹാവൂ! എനിക്കുത്തരം കിട്ടി..ഒത്തിരി ഒത്തിരി താങ്ക്സ്. എനിക്കിത് അറിയില്ലായിരുന്നു.

    By Anonymous Anonymous, at 17 August, 2006 17:26  

  • നിഷിദ്ധമായതു കാണാനുള്ള ഈ ത്വര, അതൊരുതരം voyeurism (ജ്യേഷ്ഠാ ഉമേശസേനാ ഇതിന്റെ മലയാളം എന്തര്‍?) അല്ലേ സ്നേഹിതാ? :)

    ചര്‍‌ച്ചകളില്‍ എനിക്കു വിശ്വാസമില്ല. പകരം എന്റെ അപ്രമാദിത്വത്തിലാണെനിക്കു വിശ്വാസം :) :)

    സത്യത്തില്‍ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. ഞാനാരുതന്നെയായാലും എന്റെ അഭിപ്രായത്തിന്‍ അതിന്റേതായ ഒരു സ്വത്വമില്ലേ? ഴാങ് പോള്‍ സാര്‍‌ത്രിന്റെ പൂസ്തകങ്ങള്‍ വായിച്ചിട്ടില്ലേ, ഇല്ലെങ്കില്‍ വായിച്ചുനോക്കൂ. അവയില്‍ ഇതെല്ലാം വ്യക്തമായി വിശദീകരിച്ചിട്ടുണ്ടല്ലോ.

    By Anonymous Anonymous, at 17 August, 2006 17:32  

  • ചിലപ്പോള്‍ നമുക്കു തിരിച്ചും ചെയ്യേണ്ടി വരും. ഉദാഹരണമായി, പെരിങ്ങോടന്‍ ഇന്‍ലന്‍ഡില്‍ മകനു് ഒരു കത്തെഴുതുന്നു എന്നു വിചാരിക്കുക

    മകനേ, നീ ലഘുചിത്തനായിരിക്കൂ. എന്റെ ഉണ്ണീ, നിന്റെ ജനിമൃതികളുടെ ആന്ദോളനങ്ങളിലല്ലല്ലോ പ്രപഞ്ചത്തിന്റെ സ്പന്ദനം...

    ഇങ്ങനെ എഴുതിയാല്‍ എന്തു ബോറായിരിക്കും? അതിനു പകരം

    ഡാ, ഡോണ്ട് വറി. ഇതുകൊണ്ടൊന്നും ഒരു കുഴപ്പോമില്ല...

    എന്നാണു് അവിടെ പറയേണ്ടതു്.

    ഇതുപോലെ വൃത്തമില്ലാതെ കവിത എഴുതേണ്ട ഘട്ടവുമുണ്ടു്. പാബ്ലോ നെരൂദയുടെ കവിത മനോഹരമായി കൂമന്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നതു കാണുക. അതു സാക്ഷാല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വന്നു വല്ല സ്രഗ്ധരയിലോ മന്ദാക്രാന്തയിലോ പരിഭാഷപ്പെടുത്തിയാല്‍... പരമബോറായിരിക്കും.

    :)

    രണ്ടിനും പ്രസക്തിയുണ്ടു കൂട്ടരേ. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പറഞ്ഞതു തന്നെ ഞാനും പറയട്ടേ...

    ... അതിനിടയില്‍ വെറും വാഗ്വിവാദം തുടങ്ങി-
    പ്പോയേച്ചാല്‍ കാര്യമുണ്ടോ? കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാരേ!”

    ശ്ലോകം കാണണമെങ്കില്‍ ഇവിടെ ഉണ്ടു്. അതിലെ “പ്രാസ” എന്നതു മാറ്റി “വൃത്ത” എന്നാക്കിയാല്‍ ഇവിടെയും പ്രസക്തം.

    By Blogger ഉമേഷ്::Umesh, at 17 August, 2006 17:38  

  • പറയാന്‍ വിട്ടുപോയി ബാബൂ. കവിത പരമബോറായിട്ടുണ്ടു്. വൃത്തം തെറ്റിയിട്ടുമുണ്ടു്. ബാബുവിന്റെ പഴയ ഗദ്യകവിതകളും സുഭാഷിതത്തില്‍ കമന്റായെഴുതിയ പദ്യകവിതകളും എനിക്കിഷ്ടപ്പെട്ടിരുന്നു.

    By Blogger ഉമേഷ്::Umesh, at 17 August, 2006 17:43  

  • ഇത്രയും നല്ല ഒരു ചര്‍ച്ചക്കു തുടക്കമിടുവാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    വൃത്തമില്ലാതെയെഴുതിയ കവിതയേക്കാളും ഇരട്ടി കമന്റുകള്‍ വൃത്തത്തിലെഴുതിയപ്പോള്‍ കിട്ടി. അപ്പോള്‍ ഇനി എഴുത്തെല്ലാം വൃത്തത്തില്‍ തന്നെ! :)

    By Blogger ബാബു, at 17 August, 2006 17:44  

  • ഇതിലെ അനോണിയെ എനിക്ക് പെരുത്തിഷ്ടപ്പെട്ടു. കാര്യവിവരമുള്ള അനോണി. :)

    ഇങ്ങനെ വിവരവും വകതിരിവുമുള്ളവര്‍ വര്‍ക്കത്തുള്ള കാര്യം അനോണിയായി പറഞ്ഞാലും നോ പ്രോബ്ലം.

    സാധാരണ അനോണീസ് വിവരമില്ലാത്ത ഏഴാംകൂലികളാണ്. ബാക്കിയുള്ളവനെ തന്തക്കു വിളിക്കാനാണ് അനോണിയായി വരുന്നത്.


    “നൂറു ബ്ലോഗുകളില്‍ ഒരുമിച്ചൊരേസമയം തന്റെ സ്വന്തം പേരില്‍ പോസ്റ്റുചെയ്യുന്ന ജ്യേഷ്ഠന്‍ ഉമേശസേനന്‍ ഭീരുവെന്നുവിളിച്ചാല്‍ ഞാന്‍ പൊറുക്കും” - ഇതൊരു ഒന്നൊന്നര ഡൈക്കോള്‍ :)) എന്നെ അങ്ങു മരി. ഞാന്‍ ഫാനായി ;)

    By Blogger Adithyan, at 17 August, 2006 17:51  

  • ഞാന്‍ യോജിക്കുന്നില്ല ജ്യേഷ്ഠരേ.

    “കഴിയുമീ രാവിലേറ്റവും വേദനാഭരിതമായ വരികളെഴുതുവാന്‍” എന്ന് ചുള്ളിക്കാട് നെരൂദയുടെ ഒരു പക്ഷേ ഏറ്റവും പ്രശസ്തമായ കവിതയെ വിവര്‍‌ത്തനം ചെയ്തത് ഒന്നുവായിക്കൂ. കവിത ചോരാതെ. പദ്യത്തില്‍. വൃത്തത്തില്‍. സച്ചിദാനന്ദനും ഇതേ കവിത പദ്യത്തില്‍‌ത്തന്നെ തര്‍‌ജ്ജമ ചെയ്തിട്ടുണ്ട്, പക്ഷേ ഇത്രയ്ക്കു ഭംഗിയില്ല.

    വേറെയും നെരൂദക്കവിതകള്‍ ചുള്ളിക്കാടും മധുസൂദനന്‍ നായരുമൊക്കെ പദ്യത്തിലാക്കിയിട്ടുണ്ട്. അതൊക്കെ ഗദ്യവിവര്‍‌ത്തനങ്ങളെക്കാള്‍ മോശമാണെന്ന് എനിക്കഭിപ്രായമില്ല.

    വൃത്തത്തിന്റെ ചട്ടക്കൂടുകള്‍ കവിയെ വാക്കുകള്‍ തെരയാന്‍ നിര്‍‌ബ്ബന്ധിതനാക്കുന്നു. വാക്കുകളുണ്ടാക്കുന്ന ശബ്ദങ്ങളുടെ impact വളരെ പ്രധാനം തന്നെയാണെന്നാണെനിക്കുതോന്നുന്നത്. കൂടാതെതന്നെ സംസാരഭാഷയിലെ ക്രമങ്ങളൊക്കെ തെറ്റിക്കേണ്ടിവരുന്നു വൃത്തത്തില്‍. അതും ഒരു ചാരുത.

    “ചണ്ഡാലഭിക്ഷുകി”യുടെ തുടക്കത്തില്‍ “ഉച്ചയ്ക്കൊരു ദിനം വന്‍‌മരുവൊത്തൊരു” എന്നു തുടങ്ങുന്ന ആ സ്ഥലവിവരണത്തിന്റെ സൌന്ദര്യവും ഗാംഭീര്യവും അതു വെറുതെ കഥ പോലെ എഴുതിവച്ചാല്‍ ഉണ്ടാകുമോ? ഒരു നല്ല കല്‍‌പ്പണിക്കാരനെപ്പോലെ ആശാന്‍ എത്ര ശ്രദ്ധയോടെയാണ്‍ വാക്കുകള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നു നോക്കുക. എല്ലാം കൃത്യമായി ചേരുന്നു. വായിച്ചുകഴിയുമ്പോള്‍ ആ ഗ്രീഷ്മത്തിന്റെ ചൂട് നമുക്കനുഭവപ്പെടുന്നു.

    “കാലഹരണപ്പെട്ട” വൃത്തങ്ങള്‍ക്കുപകരം,
    “ഉത്തരശ്രാവസ്തി പൊള്ളിക്കിടന്നു, മലമ്പനി പിടിച്ച ആദിവാസിയുവാവിനെപ്പോലെ’ എന്നൊക്കെ എഴുതിയാല്‍ ആധുനികമാകുമായിരിക്കും, പക്ഷേ വേനലിലും വിരിയുന്ന ആശാന്റെ സൂര്യകാന്തിയെവിടെ, കാലഹരണപ്പെടാതെ പൊടിയടിച്ച് പൊടിയടിച്ച് അവസാനം ചവറ്റുകുട്ടയിലോ കൂനയിലോ ചെന്നുവീഴാന്‍ വിധിയുള്ള ആധുനികന്റെ പ്ലാസ്റ്റിക് പൂവെവിടെ.

    By Anonymous Anonymous, at 17 August, 2006 17:58  

  • എന്റെ ഇതിനുമുമ്പത്തെ കമന്റ് ഉമേശജ്യേഷ്ഠനുള്ള മറുപടിയാണ്‍, കുതിരക്കാരനോടല്ല :)

    qw_er_ty

    By Anonymous Anonymous, at 17 August, 2006 18:01  

  • കവിതയുടെപേരില്‍ ശബ്ദസൌന്ദര്യമോ ആശയസുഭഗത്വമോ ഇല്ലാതെ തട്ടിക്കൂട്ടുന്ന കവിതകളില്‍നിന്നും ഈ കവിത വ്യത്യസ്ഥമായി കരുതുന്നതിനാല്‍ അഭിനന്ദിക്കുവാന്‍ തോന്നുന്നു.

    'നിശ്ശബ്ദത പാലിക്കുക' എന്ന ചുമരെഴുത്തില്‍ സാധാരണക്കാര്‍ അക്ഷരാര്‍ഥത്തില്‍ കൂടുതലായി ഒന്നും കണ്ടെന്നുവരില്ല. എന്നാല്‍ ക്രാന്തദര്‍ശിയായ കവി വരികള്‍ക്കപ്പുറം കടന്ന് പ്രക്ഷുപ്തവും സുഖഃദുഖഃസമ്മിശ്രവുമായ സംസാരസാഗരത്തെ തരണം ചെയ്യുവാന്‍ വേണ്ടിയിരിക്കുന്നത്‌ ശാന്തമായ മനസ്സിന്റെ സമനിലയാണെന്ന സാംഖ്യദര്‍ശനമാണതില്‍ വ്യംഗ്യമായിരിക്കുന്നതെന്നു കണ്ടെത്തുന്നു. കവിതയുടെ ആശയമഹത്വവും ആഴവും ഇവിടെയാണിരിക്കുന്നത്‌.

    ഈ കവിതയുടെ ആദ്യഭാഗത്തിന്‌ അവസാനഭാഗവുമായി എന്തു ബന്ധമാണുള്ളതെന്ന് ചോദിച്ചേക്കാം. ദുഖഃജഡിലമായ ഒരു ജീവിതയാത്രയാണിവിടെ ചുരുങ്ങിയ വരികളില്‍ വിവരിച്ചിരിക്കുന്നത്‌. പേമാരി പെയ്യുന്ന കര്‍ക്കിടകം മനോദുഖഃത്തിന്റെയും കണ്ണുനീരിന്റേയും പ്രതീകമാണല്ലൊ. അവിടെയാണ്‌ യാത്രയാരംഭിക്കുന്നത്‌. യാത്രയുടെ ലക്ഷ്യമോ തിരുമേനിക്കബ്ബറു കാണാന്‍. മരണമെന്ന സത്യത്തിന്റെ സന്ദേശമാണ്‌ ഈ കവിതയിലുടനീളം. ദൈവത്തിന്റെ പ്രവാചകനെപ്പോലും മരണം ഗ്രസിച്ചിരിക്കുന്നു. സഞ്ചാരമദ്ധ്യേ കാണുന്നതോ? ദൈവത്തെ വിറ്റുകാശാക്കുന്ന കച്ചവടക്കാര്‍, പ്രാര്‍ഥിച്ചും കൈക്കൂലികൊടുത്തും താല്‍ക്കാലികകാര്യങ്ങള്‍ നേടിയെടുക്കുവാനും മരണത്തെ ജയിക്കുവാനും പള്ളിയില്‍ കൂടിയിരിക്കുന്ന വിശ്വാസികള്‍. ഭക്തന്മാരുടെ നടുവില്‍ ഭക്തനല്ലാത്ത കവി വളരെനേരം മരണത്തെ അഭിമുഖീകരിച്ചു നിന്നു. അദ്ദേഹം അവിടെ പോയതും ഭക്തികൊണ്ടൊന്നുമല്ല- ഭാര്യയുടെ നിര്‍ബന്ധം സാധിച്ചുകൊടുക്കാന്‍. നമ്മളില്‍ പലരും മറ്റുള്ളവരോടുല്ല കടമകള്‍ നിറവേറ്റുന്നതിനുവേണ്ടിയാണല്ലൊ അമ്പലത്തിലോ പള്ളിയിലോ പോകുന്നത്‌; അല്ലെങ്കില്‍ എന്തെങ്കിലും കാര്യം സാധിച്ചുകിട്ടുവാന്‍ വേണ്ടിയും.

    കവിയുടെ മനസ്സില്‍ തിങ്ങിനില്‍ക്കുന്ന വികാരാവേശങ്ങള്‍ എന്താണെന്നുകാണുക. ഭക്തിയല്ല. മഹാസമുദ്രങ്ങള്‍ക്കപ്പുറം രണ്ടുഭൂഖണ്‍ധങ്ങളിലായി പിച്ചിച്ചീന്തിപ്പോയ സാമൂഹ്യബന്ധങ്ങള്‍- ആശുപത്രിയിലായ അമ്മയും പെങ്ങളും, ഒറ്റക്കായ അഛന്‍; അവരോടുള്ള കടമ നിര്‍വഹിക്കാനാവതെ അന്യനാട്ടിലേക്കു തിരിച്ചുപോകാന്‍ നിര്‍ബന്ധിതനാകുന്ന ഒരു പ്രവാസിയുടെ പ്രരോദനം.

    കവിക്ക്‌ ഇതില്‍നിന്നൊരു മോചനം നേടിയേ കഴിയൂ. ആ ചുമരെഴുത്തിന്റെ അന്തരാര്‍ത്ഥത്തില്‍ അദ്ദേഹം അതുകണ്ടെത്തുന്നു. അഭ്യാസയോഗത്താല്‍ ആത്മനിയന്ത്രണം നേടി മനസ്സിനെ സമനിലയില്‍നിര്‍ത്തുന്ന യോഗി സകല ദുഖങ്ങളില്‍ നിന്നും വിമുക്തി നേടി സംസാര സാഗരത്തെ നിഷ്പ്രയാസം തരണം ചെയ്യുന്നു എന്ന സാംഖ്യദര്‍ശനം.

    ഒരു തിരുമേനിക്കബ്ബറില്‍ ഒരുപ്രവാസിയുടെ ജീവിതയാത്രയെ ആദ്ധ്യാത്മീകരിക്കുവാനുള്ള ശ്രമത്തില്‍ കവി കുറയെങ്കിലും വിജയിച്ചിരിക്കുന്നു.

    By Anonymous Anonymous, at 17 August, 2006 18:20  

  • എനിക്കും ആദീ!ആദ്യത്തെ അനോണിമസ് കുട്ടപ്പ്നെ അങ്ങട് പിടിച്ച്! ഞാനും ഫാനായി! പക്ഷെ ഇതാരാണെന്ന് എനിക്ക് അറിയാമെന്ന പോലെ..ഇത്രേം നന്നായി കവിതേപറ്റി പറയാന്‍...ഉമേശന്‍ സാറെന്ന വിളി..ഉം..ഉം..

    സി.ഐ.ഡി മകള്‍! ഹിഹിഹി :)

    By Anonymous Anonymous, at 17 August, 2006 18:28  

  • നല്ല ചര്‍ച്ച. എല്ലാ അനോനികളും ഇങ്ങനെയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു.

    By Blogger Santhosh, at 17 August, 2006 18:30  

  • ഈ മറ്റൊരു അനോണി സംഭവം ബോറാക്കിക്കളഞ്ഞു. അനോണി സംഭവം ഒന്നു ഉഷാറാക്കിക്കൊണ്ടന്നതാ... അതിനെടക്കു കേറി... ;)

    ഓ ടോ:
    സാര്‍: “വാക്കത്തി പ്രയോഗിക്കുക - വിട്ടു വീഴ്ച”
    ഒന്നാം വിദ്യാര്‍ത്ഥി: “എന്റെ ചേട്ടനിന്നലെ തെങ്ങുമ്മേ കേറിയപ്പോ കൈ വിട്ടൊരു വീഴ്ച വീണു”
    സാര്‍: “കറക്ട് കറക്ട്. അഞ്ചു മാര്‍ക്ക്.“
    രണ്ടാം വിദ്യാര്‍ത്ഥി: “എന്റപ്പനും വീണ്”
    സാ‍ാര്‍: “അതു ചുമ്മാ‍ാ.. അതു മാര്‍ക്ക് കിട്ടാന്‍ വേണ്ടി വെറുതെ പറഞ്ഞതാ. ഇരിയെടാ അവടെ”

    By Blogger Adithyan, at 17 August, 2006 18:31  

  • ഇഞ്ചിയും സന്തോഷുമുള്ളതിനാല്‍ ഒരു കുളു തരാം പണ്ട് ഇഞ്ചി ഒരു ബ്ലോഗ് ശിശുവായിരുന്നപ്പോള്‍ വെറും എല്‍‌ജിയായിരുന്നപ്പോള്‍ സന്തോഷ് എല്‍‌ജിയുടെ ബ്ലോഗില്‍ പൃഷ്ഠത്തില്‍ മുടിവളരുന്നതിനെ എതിര്‍‌ത്തപ്പോള്‍ ഒരു കുരുത്തം കെട്ട കമന്റ് ഞാനിട്ടിരുന്നു :)

    ഇതിനാവശ്യമുള്ള punctuation ഇടാന്‍ സന്തോഷിനെ ക്ഷണിക്കുന്നു

    By Anonymous Anonymous, at 17 August, 2006 18:39  

  • കവിത ചെവിയെ/കേള്‍വിയെ ലക്ഷ്യം വെയ്ക്കുന്ന കലയാണെന്നൊ അല്ലെന്നൊ തീര്‍പ്പുകള്‍ ഇല്ലാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.....

    എന്നാലും ഒരു ചെറിയ സംശയം....ഒരു കവിതയില്‍ ശബ്ദാംശവുമായി ബന്ധപ്പെട്ടു മാത്രമാണൊ താളം/സംഗീതം നി‍ലനില്ക്കുന്നത്?
    ആശയത്തെ ആവിഷ്കരിക്കുന്ന രീതിയിലുമില്ലേ താളം...? വാക്കുകളെ അര്‍ത്ഥത്തിന്റെ പുതിയ സാധ്യതകളിലേക്കു ചേര്‍ത്തുവെക്കുമ്പൊള്‍ അതില്‍ ശബ്ദബാഹ്യമായ ഒരു താളബോധം പ്രവര്‍ത്തിക്കുന്നില്ലേ...?

    കവിതയ്ക്ക് അറ്ത്ഥ വുമായി ബന്ധപ്പെട്ട് ഒരു ‘താളമീമാംസ ‘ ഉള്ളതായി കമന്റുകളില്‍ അരും സംശയിച്ചു കാണാത്തതു കൊണ്ടാണേ ഈ അതിക്രമം..........

    By Blogger ടി.പി.വിനോദ്, at 17 August, 2006 19:15  

  • നല്ല ചര്‍ച്ച!
    അപ്പൊ എന്തൊക്കെയാ പറഞ്ഞുവരുന്നത്?
    കവിതയെ വൃത്തങ്ങളുടേയും താളങ്ങളുടേയും തടവറയില്‍നിന്നും മോചിപ്പിക്കണമെന്നോ ?
    അതോ
    തടവറയിലിട്ടുപൂട്ടിയാലേ ഭംഗിയുള്ളൂവെന്നോ?

    ഈ ഭാഷയുടെ തടവറയില്‍ നിന്നുംകൂടിയൊന്നു മോചിപ്പിച്ചു കിട്ടിയിരുന്നെങ്കില്‍

    ഓ.ടി
    “പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യന്‍ ഒരിക്കലും ഇണയെ പേരു ചൊല്ലി വിളിക്കാറില്ലല്ലോ...“
    ഇപ്പോഴാ ഗുട്ടന്‍സ് പിടികിട്ടിയേ

    By Blogger nalan::നളന്‍, at 17 August, 2006 19:48  

  • സങ്കുചിതാ കവിത മാത്രമല്ല എഴുതപ്പെട്ട സാഹിത്യമെല്ലാം വായിക്കപ്പെടേണ്ടതു തന്നെയാണു്.

    എഴുതി വായിക്കുന്ന
    പ്രസംഗങ്ങള്‍ പോലെയാണ്
    ചിലനേരത്ത്
    ജീവിതം.
    വിരാമചിഹ്നങ്ങളുടെ
    ഇടവേളകളില്‍
    അത്
    മുന്നിലുള്ളവരുടെ
    മൌനങ്ങളിലേക്ക്
    വെപ്രാളപ്പെട്ട്
    എത്തിനോക്കും.

    എന്നു ലാപുട എഴുതുന്നു, വാക്കുകള്‍ക്കിടയിലെ വരികള്‍ എടുത്തുകളഞ്ഞാല്‍ ഇങ്ങിനെ വായിക്കാം:

    എഴുതി വായിക്കുന്ന പ്രസംഗങ്ങള്‍ പോലെയാണ് ചിലനേരത്ത് ജീവിതം. വിരാമചിഹ്നങ്ങളുടെ ഇടവേളകളില്‍ അത് മുന്നിലുള്ളവരുടെ മൌനങ്ങളിലേക്ക് വെപ്രാളപ്പെട്ട് എത്തിനോക്കും.

    മുകളിലെഴുതിയിരിക്കുന്നതു സയന്‍സിന്റെ ഭാഷയില്‍ സിദ്ധാന്തീകരണമാണു്, പ്രസ്താവനയാണു്. ന്യൂട്ടണ്‍‌ന്റെ Objects in motion tend to stay in motion, and objects at rest tend to stay at rest unless an outside force acts upon them എന്ന സിദ്ധാന്തം പോലെ. രണ്ടില്‍ നിന്നും ഒരു വാക്കും ഒഴിവാക്കാനില്ല. ന്യൂട്ടണ്‍ കവിതയെഴുതിയോ?

    സാഹിത്യത്തിലെ ആധുനികതയുടെ കാലത്തു സിദ്ധാന്തീകരണങ്ങള്‍ക്കും, പ്രസ്താവനകള്‍ക്കുമപ്പുറം സാഹിത്യമെന്നൊന്നില്ലെന്നു കരുതുന്നവരാണു സാഹിത്യത്തെ ‘തെളിവു ഹാജരാക്കേണ്ടാത്ത’ ശാസ്ത്രമാക്കിയതു്. താങ്കളുടെ അഭിപ്രായത്തിലെ കവിതാ നിര്‍വ്വചനവും അതുപോലെ ഒന്നാണു്.

    പ്രിയ ലാപുട, താങ്കളുടെ വരികള്‍ ഒരു ഉദാഹരണമെന്നോണം ഉപയോഗിച്ചതാണു്, അനുവാദമില്ലാതെ അതു ചെയ്തതിനു മാപ്പു്. ആ വരികള്‍ എനിക്കു് ഇഷ്ടപ്പെട്ടു.

    By Blogger രാജ്, at 17 August, 2006 23:56  

  • ക്രിയാത്മകമായ ഒരു ചര്‍ച്ചയാകുമെന്ന് കരുതിയാണ് ഞാന്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയത്. പക്ഷെ ബൂലോഗത്തിന്റെ നിലവാരത്തിനു യോജിയ്ക്കാത്ത, പരിഹാസച്ചുവയുള്ള ചില 'അനോനി' കമന്റുകള്‍ കണ്ടപ്പോള്‍ ചര്‍ച്ച വഴിതെറ്റിയൊ എന്നെനിയ്ക്ക് തോന്നി (ഒരു പക്ഷെ എന്റെ തോന്നലാകാം). അതുകൊണ്ട് എന്റെ കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. ബാബുവും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റെല്ലാവരും ക്ഷമിയ്ക്കണം.

    ബാബു:
    താങ്കളുടെ കവിതയ്ക്ക് ഒരു താളമുണ്ട്. പക്ഷെ ആ താളത്തിനു വേണ്ടി കവിതയുടെ ആഴത്തെ ബലിയാക്കിയോ എന്നൊരു സംശയം. കവിതയുടെ ആത്മാവ് നഷ്ടപ്പെട്ടു എന്നതിനര്‍ത്ഥമില്ല കേട്ടൊ!

    ഇനിയും ഇനിയും എഴുതുക.

    By Blogger സ്നേഹിതന്‍, at 18 August, 2006 00:20  

  • പൃഷ്ഠത്തില്‍ മുടി വളര്‍ന്നത് എല്‍ജി ബ്ലോഗിലല്ല. ഇവിടെയായിരുന്നു. അതിനു മറുപടി പറഞ്ഞയാളാണ് ഈ അനോനി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല:)

    By Blogger Santhosh, at 18 August, 2006 00:45  

  • ബാബുജീ, ലാപുഡേ, അയ്യപ്പന്‍ ചേട്ടാ
    കവിത വായിച്ച് അതിലെ വൃത്തവും ചതുരവും മനസ്സിലാക്കി ആസ്വദിക്കാന്‍ സാധിക്കാത്ത ഒരു കൂട്ടരുണ്ടിവിടെ.
    അവര്‍ക്ക് നിങ്ങളുടെ വാചകങ്ങള്‍ പൊള്ളുന്ന ഇമേജുകളാകും, മനസ്സില്‍ തട്ടും, ഭാവനയെ ഉണര്‍ത്തും.
    ഒരു നല്ല സിനിമാപാട്ടിലെ വരികളുടെ അര്‍ത്ഥം ആലോചിച്ച് ചിലപ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ട്..ആസ്വദിക്കാറുണ്ട്. വൃത്തമോ വട്ടമോ ഒന്നും എനിക്ക് പ്രശ്നമല്ല, അത് മനസ്സില്‍ ഉളവാക്കുന്ന ആ ഒരു എഫക്റ്റാണ് മുഖ്യം. അങ്ങനേയും പലര്‍ ഈ ഭൂലോകത്തുണ്ട്.

    എല്ലാവരും കഴിയുന്നത് പോലെ എഴുതിയാലും. ബുദ്ധിജീവി വ്യാകരണ വൈയ്യാകരണന്മാര്‍ക്ക് മാത്രം കവിത ആസ്വദിച്ചാല്‍ മത്യോ :-))

    By Blogger അരവിന്ദ് :: aravind, at 18 August, 2006 00:50  

  • പെരിങ്ങ്സേ,

    100 വര്‍ഷം 100 കഥ എന്നൊരു പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. അതില്‍ ആദ്യത്തെ കഥയും അവസാനത്തെ കഥയും തമ്മിലുള്ള അന്തരം നോക്കുക. വേങ്ങയില്‍ ...ണായര്‍ എഴുതിയ പോലെ ഇന്ന് കഥ എഴുതിയാല്‍ ഏശുമോ?

    എല്ലാം നവീകരിക്കേണ്ടതില്ലേ? കവിതയില്‍ താളത്തിനോ വൃത്തത്തിനോ എന്തു പ്രാധാന്യം?

    മേല്‍പ്പറഞ്ഞ ലാപുഡയുടെ കവിത വളരെ നല്ല മധുസൂതനന്‍ നായര്‍ ഈണത്തില്‍ ചൊല്ലാം.

    കുറുമാന്‍ നമ്മുടെ മീറ്റിന്‌ ചൊല്ലിയത്‌ കേട്ടില്ലേ? ഈണത്തിനും താളത്തിനും വൃത്തം നിര്‍ബന്ധമുണ്ടോ? ഇല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

    കവിത വായിക്കാനുള്ളതാണ്‌ ചൊല്ലാനുള്ളതല്ല.

    അതുപോലെ പഴമയെ നവീകരിച്ചുകൊണ്ടേയിരിക്കുന്നതാണ്‌ പുതിയ സാഹിത്യം.

    ഷേക്സ്പിയര്‍ ഇന്ന് വീണ്ടും ജനിച്ചാല്‍ പഴയതുപോലെ തന്നെ എഴുതുമെന്ന് തോന്നുന്നുണ്ടോ?

    By Blogger K.V Manikantan, at 18 August, 2006 02:07  

  • അപ്പോ ഇങ്ങനെ പരത്തിയെഴുതിയാല്‍ ഗദ്യം പോലെയിരിക്കുന്നതൊന്നും കവിതയല്ലേ ?
    അങ്ങനെയെങ്കില്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ മഹാകവികളോ? അവരുടെ കവിതകളും ഒന്ന് നീട്ടിയെഴിതിയാല്‍ ഇംഗ്ലീഷ് പ്രോസ് പോലെയിരിക്കുമല്ലോ? എന്നിട്ടവരെ കവികള്‍ എന്നല്ലേ വിളിക്കുന്നത്?
    അല്ലെങ്കില്‍ ബാ ബാ ബ്ലാക്ക് ഷീപ്പും ട്വിങ്കില്‍ ട്വിങ്കിളും എഴുതിയവര്‍ മാത്രമേയുള്ളൂ ഇംഗ്ലീഷ് കവികള്‍ എന്ന് പറയേണ്ടിവരുമല്ലോ? ബാക്കിയെല്ലാവരും ന്യൂട്ടണ്‍സ് ആകുമല്ലോ?
    മലയാളത്തില്‍ ഈണത്തില്‍ ചൊല്ലാന്‍ പറ്റുന്നതേ കവിതയായുള്ളുവെങ്കില്‍, കവിതപോലെ മനോഹരമായ ഗദ്യമെഴുതുന്നതിനെ വേറെ എന്തെങ്കിലും വിളിക്കണം. പക്ഷേ അത് ഗദ്യമല്ല.
    പരത്തിപ്പറയാതെ, ആശയത്തിന്റെ ജിസ്റ്റ് നിറച്ച ഈ വരികളെ കവിത എന്ന് വിളിക്കുന്നതില്‍ എന്തപരാധമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല...എല്ലാ കവിതകള്‍ക്കും ‘താനാരോ തന്നാരോ‘ ഈണവും മറ്റും വേണമെന്ന് ശഠിക്കുന്നത് ശരിയാണോ, കവിത വളരണ്ടേ?

    By Anonymous Anonymous, at 18 August, 2006 02:27  

  • പെരിങ്ങോടരേ,
    ഒരു സംശയം ചോദിച്ചോട്ടേ...
    പ്രസ്താവന, ചോദ്യം അല്ലെങ്കില്‍ നിറ്ദ്ദേശം ആയി മാത്രമല്ലെ ഒരു വാചകം എഴുതാന്‍(താളത്തിലോ അല്ലാതെയോ) പറ്റുകയുള്ളൂ? ഈ ഗണത്തില്‍ പ്രസ്താവന മാത്രമോ അതൊ ഇതെല്ലാം തന്നെയുമോ എഴുത്തിനെ കവിത അല്ലാതാക്കുമെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്....?

    By Blogger ടി.പി.വിനോദ്, at 18 August, 2006 02:42  

  • സങ്കുചിതന്‍, വൃത്തത്തിലുള്ളതു മാത്രമേ കവിതയായുള്ളൂ എന്നൊരു സന്ദേശം എന്റെ കമന്റുകള്‍ നല്‍കിയോ? ഞാനതു് ഉദ്ദേശിക്കാത്തതാണു്. പ്രത്യേകിച്ചും വൃത്തമൊന്നും പാലിച്ചില്ലെങ്കിലും ചില കവിതകള്‍ ഒരു താളക്രമം പ്രകടിപ്പിക്കും. വൃത്തം ഒരു വ്യാകരണമാണു്, കവിതയില്‍ അതിനു പ്രത്യേക സ്ഥാനമൊന്നും ഇല്ലെന്നു മരയ്ക്കാര്‍ അഭിപ്രായപ്പെട്ടു കണ്ടപ്പോള്‍ വൃത്തം വ്യാകരണമല്ല, ആസ്വാദനത്തിനുപയോഗിക്കുന്ന ഒരു മീറ്റര്‍ മാത്രമാണെന്നു ഞാന്‍ പറഞ്ഞതു്. പ്രത്യേകിച്ചൊരു രീതിയില്‍ വായിക്കപ്പെടേണ്ടതാണു് കവിത എന്നൊരു വിചാരം കവിക്കില്ലെങ്കില്‍ വാക്കുകള്‍ വരിതിരിച്ചു എഴുതുമായിരുന്നില്ല. എഴുതിയ കാര്യം മാത്രമാണു വായിക്കപ്പെടേണ്ടതെങ്കില്‍ എല്ലാം ഒരു വരിയില്‍ എഴുതിയാല്‍ പോരെ? വായിക്കപ്പെടേണ്ട രീതിയെ ചൊല്ലല്‍ എന്നു തന്നെയാണു വിളിക്കുക, ഈ ചൊല്ലലിനുള്ള താളത്തെ (അഥവാ അങ്ങിനെയൊന്നുണ്ടെങ്കില്‍) ഓര്‍ത്തിരിക്കുവാന്‍ കഴിയുന്ന ചില താളക്രമങ്ങളോടു ചേര്‍ത്തുവായിക്കുന്നതാണു കവിതയിലെ വൃത്തം.

    ലാപുട, ഞാനായിട്ടൊരു ഉത്തരം പറയുന്നില്ല. Albert Camus -ന്റെ The Stranger എന്ന നോവലിന്റെ തുടക്കം ഒന്നു വായിച്ചുനോക്കൂ:

    MOTHER died today. Or, maybe, yesterday; I can’t be sure. The telegram from the Home says: YOUR MOTHER PASSED AWAY. FUNERAL TOMORROW. DEEP SYMPATHY. Which leaves the matter doubtful; it could have been yesterday.

    കമ്യു ഒന്നും പ്രസ്താവിച്ചിട്ടില്ല. പ്രത്യേകിച്ചും അമ്മ മരിച്ചു എന്ന ആദ്യവാചകം പ്രസ്താവനയല്ല. അമ്മ മരിച്ചെന്നു ആരും പ്രസ്താവിക്കാറില്ല, പറയാറേയുള്ളൂ.

    ഒരു വാക്കു മാറ്റിയാല്‍ അപൂര്‍ണ്ണതു വരുന്നതു സിദ്ധാന്തങ്ങള്‍ക്കും, പ്രസ്താവനകള്‍ക്കുമാണെന്നാണു ഞാന്‍ ഉദ്ദേശിച്ചതു ലാപുടാ (സങ്കുചിതന്റെ കമന്റിനു മറുപടി). അവയുണ്ടെങ്കില്‍ കവിത, കവിതയല്ലാതായി തീരുമെന്നു കരുതിയിട്ടില്ല, അവ മാത്രമുള്ളവയെ കവിതയെന്നു വിളിക്കുവാനും പോകുന്നില്ല.

    By Blogger രാജ്, at 18 August, 2006 03:18  

  • ഈ ചര്‍ച്ച “ക്രിയാത്മകം” ആകാത്തത്തില്‍ ഖേദിച്ചു് സ്നേഹിതന്‍ വാദം നിര്‍ത്തി എഴുതിയതു ഡിലീറ്റു ചെയ്തു എന്നു കണ്ടു. അതെന്തു വാദം? സ്നേഹിതന്‍ തന്നെ ആദ്യത്തെ അനോണിയ്ക്കെതിരെ തുടങ്ങിയതും അങ്ങോര്‍ ഏറ്റുപിടിച്ചതുമായ “നാണമുണ്ടെങ്കില്‍ യഥാര്‍ത്ഥ പേരു പറയെടാ” സ്റ്റൈല്‍ കമന്റുകള്‍ ഒഴിച്ചാല്‍ ഇതു് വളരെ ക്രിയാത്മകമായ സംവാദം തന്നെയായിരുന്നു. രണ്ടു പക്ഷത്തും വാദിക്കാന്‍ ആളുണ്ടായിരുന്നു. യുക്തിയുക്തമായ വാദങ്ങള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നു.

    സത്യം പറയട്ടേ, ഇത്തരം ക്രിയാത്മകമായ വാദങ്ങളാണു് എനിക്കു പല പോസ്റ്റുകളെക്കാളും ഇഷ്ടം!

    പിന്നെ എന്താണു സ്നേഹിതന്റെ അഭിപ്രായത്തില്‍ ക്രിയാത്മകമായ വാദം? എല്ലാവരും “മോനേ സ്നേഹിതാ, നീ പറയുന്നതു 100% ശരി. നമുക്കു കാളിദാസന്റെയും വള്ളത്തോളിന്റെയും പുസ്തകങ്ങള്‍ കത്തിക്കാം...” എന്നു് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കുന്നതോ?

    പിന്നെ, ഈ വാദം തുടങ്ങിവെച്ചതു സങ്കുചിതമനസ്കനും പെരിങ്ങോടനുമാണു്. (മരയ്ക്കാര്‍ തുടങ്ങി. പക്ഷേ ഇവരാണു രണ്ടു വശവും പറഞ്ഞു സംവാദമാക്കിയതു്.) ഞാനും സ്നേഹിതനും ഉള്‍പ്പെടെയുള്ളവര്‍ ചെയ്തതിനെ ഞങ്ങളുടെ നാട്ടില്‍ “ഏറ്റു പിടിക്കുക” എന്നു പറയും.

    By Blogger ഉമേഷ്::Umesh, at 18 August, 2006 08:27  

  • ഉമേഷ്:
    വാദം വാദമായി തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്; തേജോവധമായല്ല!

    എനിയ്ക്കിഷ്ടപ്പെടാത്തതു കൊണ്ട് ഞാന്‍ മാറി നിന്നു. അത്രമാത്രം.

    By Blogger സ്നേഹിതന്‍, at 18 August, 2006 11:01  

  • ഒരിക്കല്‍കൂടി പറയട്ടെ, നല്ല ഉഗ്രന്‍ ചര്‍ച്ച! പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. ഇത്രയും പുലികളെ ഒരുമിച്ച്‌ അടുത്തയിടെ കണ്ടിട്ടില്ല!

    ഒരു കലാശില്‍പ്പവും കലാകാരന്റെ ജോലികഴിയുമ്പോല്‍ തീരുന്നില്ല. അത്‌ പൂര്‍ണ്ണമാവുന്നത്‌ അനുവാചകന്റെ അഭിരുചിയുമായി രാസപ്രക്രിയ നടക്കുമ്പോഴാണ്‌. അഭിരുചികള്‍ വ്യത്യസ്തം. സാരികളുടെ ഫാഷന്‍ മാറുന്നതുപോലെ കലയുടെയും ഫാഷന്‍ മാറുന്നു. ചിലര്‍ latest സാരികളേ ധരിക്കൂ അപ്പൊള്‍ ഇങ്ങനെയുള്ള ചര്‍ച്ചകള്‍ എക്കാലത്തും നടക്കും. നല്ല ശില്‍പങ്ങള്‍ കാലത്തെ അതിജീവിക്കുന്നു.

    By Blogger ബാബു, at 18 August, 2006 14:29  

  • ഇടയില്‍കയറി ഒന്നും പറയാനുള്ള വിവരമില്ലാത്തോണ്ട്, മാറി നിന്നാസ്വദിച്ചു.

    സത്യം പറഞ്ഞാല്‍, പത്താം ക്ലാസ്സ് കഴിഞ്ഞേപ്പിന്നെ.. ഇപ്പഴാ.. വൃത്തത്തെപ്പറ്റിയൊക്കെ കേള്‍ക്കുന്നത്.

    By Blogger മുസ്തഫ|musthapha, at 19 August, 2006 23:30  

  • നല്ല ഡിസ്‌കഷന്‍. പക്ഷേ, എനിക്ക്‌ ആകെ Confusion!!

    ഈ സാഹിത്യ സൃഷ്ടികളെ കഥ, കവിത എന്ന് തന്നെ വേര്‍തിരിച്ച്‌ വായിക്കണോ എന്നാണ്‌ എന്റെ ഇപ്പോഴത്തെ സംശയം. സങ്കു പറഞ്ഞ പോലെ, കവിത മാത്രമല്ല, കഥയും ഹൃദയം കൊണ്ട്‌ വായിക്കേണ്ടതല്ലേ? എഴുതുന്ന ആള്‍ക്ക്‌ തോന്നിയ രീതിയില്‍ എഴുതി വെക്കുക. വായനക്കാരന്റെ ഹൃദയത്തിലെത്തുന്നുവെങ്കില്‍, അത്‌ ഊട്ടി, അല്ലെങ്കില്‍ ചട്ടി. അത്ര പോരേ?

    വൃത്തത്തിലാക്കാന്‍ വേണ്ടി പദങ്ങള്‍ തിരഞ്ഞു നടക്കുന്നതിനോട്‌ യോജിക്കാന്‍ തോന്നുന്നില്ല. എനിക്ക്‌ തോന്നുന്നത്‌ എഴുതുമ്പോള്‍ പദങ്ങള്‍ സ്വാഭാവികമായി തോന്നണം എന്നാണ്‌. ചുരുങ്ങിയത്‌ എനിക്ക്‌ അങ്ങിനെയാണ്‌. പല തര്‍ജ്ജമക്കും ജീവന്‍ പോവുന്നത്‌ അതു കൊണ്ടാണ്‌. ചുള്ളിക്കാട്‌ നെരൂദയെ തര്‍ജ്ജമ ചെയ്തപ്പോള്‍, വൃത്തത്തിലും ഗാംഭീര്യം സൂക്ഷിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അത്‌ ആ ആശയം അത്രമാത്രം അദ്ദേഹത്തെ സ്വാധീനിച്ചതു കൊണ്ടാവാം. തര്‍ജ്ജമ ചെയ്തു തുടങ്ങിയപ്പോള്‍ കവിത അദ്ദേഹത്തിന്റേതു മാത്രം ആവുന്ന ഒരു പ്രത്യേക അവസ്ഥ. അത്‌ ഒരു ജനറല്‍ റൂള്‍ ആയി എടുക്കാന്‍ പറ്റില്ല എന്നു തോന്നുന്നു.

    ഒന്നുണ്ട്‌. ഏതു കവിതയും (ചിലപ്പോള്‍ കഥയും) വെറുതെ വായിക്കുന്നതിനേക്കാള്‍ ഉറക്കെ ചൊല്ലുന്നതായിരിക്കും ചിലര്‍ക്ക്‌ അത്‌ ഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ കൂടുതല്‍ എളുപ്പവും അഭികാമ്യവും. അതിന്‌ വൃത്തങ്ങള്‍ സഹായകമായേക്കാം.

    ഒന്നിനും ഒരു pre defined ചട്ടക്കൂട്‌ കൊടുക്കാതിരിക്കുന്നതാണ്‌ ഭംഗി. വൃത്തമോ, താളമോ, സന്ദേശമോ, ആശയമോ ഒക്കെ വായിക്കുന്നവര്‍, ആസ്വദിക്കുന്നവര്‍ സ്വയം കണ്ടെത്തട്ടെ. ഇഷ്ടപ്പെട്ടാല്‍ നല്ലത്‌, അല്ലെങ്കിലും നല്ലത്‌.

    By Blogger കണ്ണൂസ്‌, at 20 August, 2006 02:57  

  • കണ്ണൂസിന്റെ കമന്റിനെ ആദരിക്കുന്നു.
    കവിത അനുവ്വാചകന്‍ അനുഭവിക്കണം.
    വൃത്തത്തില്‍ എഴുതാനുള്ള ശ്രമങ്ങള്‍ പലപ്പോഴും കൃത്രിമം നടത്തുന്നുവെന്ന ഒരു ഫീലിംഗ്‌ സമ്മനിക്കുന്നു. അപൂര്‍വം അപവാദങ്ങള്‍ മാത്രം ഇതിനു വിപരീതമായി.
    താമരക്കണ്ണി എന്ന സ്ഥലപ്പേരിനെ കുവലയ ലോചനി എന്ന്‌ കാവ്യഭാഷയിലാക്കുമ്പോഴുണ്ടാകുന്ന അസ്വാരസ്യം

    By Blogger അഭയാര്‍ത്ഥി, at 20 August, 2006 03:18  

  • ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വളരെ മൌലികമായൊരു രചന.കവിതയുടെ ഘടനയും ഇഷ്ടമായി...സ്വന്തം അനുഭവത്തില്‍ നിന്നെഴുതിയതു കൊണ്ടാവാം പറയാന്‍ ശ്രന്മിച്ച വികാരങള്‍ക്ക് തീവ്രത കൂടി...

    By Blogger Aravishiva, at 03 September, 2006 20:54  

Post a Comment

<< Home