ചീട്ടുകൊട്ടാരം

വാക്കുകളുടെ
മാന്ത്രികച്ചീട്ടുകള്‍
തന്റെമുന്നില്‍
കവി നിരത്തിവച്ചു.
പതുക്കെ
സൂഷ്മതയോടെ
ഒന്നിനുമുകളിലൊന്നായി
ചരിച്ചുകിടത്തി
നിവര്‍ത്തിയിരുത്തി
അങ്ങോട്ടുമൊങ്ങോട്ടും താങ്ങി
ഒരു ചീട്ടുകൊട്ടാരം
കെട്ടിപ്പൊക്കി.
രാജാവും റാണിയും
ആഡുതനും ക്ലാവരും
നിറങ്ങളും അക്കങ്ങളും
അക്ഷരങ്ങളും പടങ്ങളും
ഒരു പുത്തന്‍ക്രമത്തില്‍
ചേര്‍ത്തിണക്കി.
ഈ സമയമെല്ലാം
കവി
ശ്വാസംപിടിച്ചിരുന്നു.
ചീട്ടുകൊട്ടാരമെങ്ങാനും
മറിഞ്ഞുവീണാലോ!
ആഹ്ലാദത്തോടെ
അനുവാചകനെ കാണിച്ചു.
പക്ഷെ,
മുഖവുരപറയുവാന്‍
വിട്ടുപോയി.
ശ്വാസംവിടരുതെന്ന്.
വിഭാഗം: കവിത
17 Comments:
വാക്കുകളുടെ
മാന്ത്രികച്ചീട്ടുകള്‍
തന്റെമുന്നില്‍
കവി നിരത്തിവച്ചു.
ചീട്ടുകൊട്ടാരം - ഒരു ചെറുകവിത.
By
ബാബു, at 28 August, 2006 17:47
കൊള്ളാം ബാബു...
ഇതാവുമോ റൊളാങ്ങ് ബാര്‍ത്ത് പറഞ്ഞ The Death of the Author...?
മുഖവുരകളുടെ സാംഗത്യത്തെ അസാധുവാക്കുന്ന വായനക്കാരന്റെ ഉയിര്‍പ്പ്...?
By
ടി.പി.വിനോദ്, at 28 August, 2006 21:49
നല്ലവരികള്‍... അസ്സലായി
By
Rasheed Chalil, at 28 August, 2006 22:11
കവിത വളരെ ഇഷ്ടപ്പെട്ടു, ബാബൂ. ഇടയ്ക്കുള്ള ഈ വരികള്‍ ഒഴിവാക്കിയും വായിച്ചു:
ഈ സമയമെല്ലാം
കവി
ശ്വാസംപിടിച്ചിരുന്നു.
ചീട്ടുകൊട്ടാരമെങ്ങാനും
മറിഞ്ഞുവീണാലോ!
എന്നാലും പൂര്‍ണം തന്നെ.
By
Santhosh, at 28 August, 2006 22:26
നന്നായിരിക്കുന്നു ബാബു.
By
കണ്ണൂസ്, at 28 August, 2006 22:37
നന്നായി,ശ്വാസം പിടിച്ചുണ്ടാക്കുന്ന ചീട്ടു കൊട്ടാരങ്ങള്‍ ആരും മറിച്ചിടതിരിക്കട്ടെ!!
By
വല്യമ്മായി, at 28 August, 2006 22:38
നന്ദി ലാപുട. റോളന്‍ഡ് ബാര്‍ത്ത് പറഞ്ഞത് എന്റെ അഭിപ്രായം അസാധുവാണന്നല്ലെ? പക്ഷേ ഒരുകാര്യത്തിലങ്ങേരോടു യോജിക്കുന്നു. അനുവാചകന്റെ മനസ്സിലാണ് എഴുത്തിന്റെ അര്‍ത്ഥതലം വിരിയുന്നത്.
ഇത്തിരിവെട്ടം, നന്ദി. ഇടയ്ക്കൊക്കെ വരിക.
സന്തോഷ്, ഇത്രയും ശ്രദ്ധയോടെ വായിച്ചല്ലോ! ആ വരികളെക്കുറിച്ച് എനിക്കും ഒരു സംശയമുണ്ടായിരുന്നു. സന്തോഷിനെപ്പോലെയുള്ള വായനക്കാര്‍ എനിക്കു പ്രചോദനം തരുന്നു.
നന്ദി കണ്ണൂസ്, ഇനിയുംവരില്ലെ?
വല്യമ്മായി, പുലികള്‍ വന്നാല്‍ എന്തുസംഭവിക്കുമെന്നാരറിഞ്ഞു?
By
ബാബു, at 29 August, 2006 17:41
ബാബുവിന്റെ 'ചീട്ടുകൊട്ടാരം' നല്ല ഉറപ്പുള്ളതു തന്നെ.
By
സ്നേഹിതന്‍, at 30 August, 2006 10:39
തുടക്കം പോലെ ഒടുക്കവും....നന്നായി ചീട്ടുകൊട്ടാരം
By
Physel, at 31 August, 2006 03:29
കവിത മനോഹരമായി...ശ്വാസം വായനക്കാരന്റെ വിമര്‍ശനം ആണോ?.എങ്കില്‍ ദേ ഞാന്‍ ശ്വാസം വിടണില്ല...
By
Aravishiva, at 03 September, 2006 20:48
ഇക്കവിത പേരിന് നേരെ വിപരീതമണ്.
വെറുതെ അടക്കി വച്ച ചീട്ടുകള്‍ അല്ല. ചെത്തി തേച്ച്, പിന്നെയും ഇളക്കി, പിന്നെയും വച്ച്....
ഗംഭീരം!
ബാബു; ചുമറ്ചിത്രങള്‍ മൂന്നാമിടത്തിലുണ്ടേ...
By
K.V Manikantan, at 05 September, 2006 07:02
വായിക്കുവാന്‍ താമസിച്ചു പോയി. നന്നായി എഴുതിയിരിക്കുന്നു. സന്തോഷ് പറഞ്ഞപ്പോഴാണു് ആ വരികള്‍ അധികപ്പറ്റാണെന്നും തോന്നിയതു്.
By
രാജ്, at 05 September, 2006 13:35
സങ്കുചിത മനസ്കന്‍, ചീട്ടുകൊട്ടാരം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
പെരിങ്ങോടന്‍, സന്ദര്‍ശിച്ചതിനും, നല്ല അഭിപ്രായം പറഞ്ഞതിനും വളര നന്ദി.
By
ബാബു, at 05 September, 2006 20:14
ഉള്‍ച്ചൂടുള്ള നിശ്വാസങ്ങള്‍ ഭാഷയുടെ പരീക്ഷണശാലയില്‍ നിന്നുവരുമ്പോള്‍, അത് ഒരു കാറ്റിലും തകരില്ല.
ഭാഷയെടുത്ത് അമ്മാനമാടിയ,
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ യാത്രമതിയാക്കിയ അയ്യപ്പപ്പണിക്കരെ ഓര്‍ക്കുക.
ഇനിയുമെഴുതുക
By
Ashok Menath, at 06 September, 2006 22:54
ബാബു, കവിത വായിച്ച് ഒരു കമന്റ് എഴുതി കുറച്ചു ദിവസം മുന്‍പിട്ടതാണ്. ബ്ലോഗര്‍ ആ കമന്റങ്ങു വിഴുങ്ങി. കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ . നര്‍മ്മത്തിന്റെ ഒരു തിളക്കം കൂടിയുണ്ട് ഇക്കവിതയില്‍. മൂന്നാമിടത്തില്‍ കവിത കണ്ടിട്ടാണ് ബാബു എന്നത് ബ്ലോഗിലെ പേരു മാത്രമാണെന്നറിഞ്ഞത്.
By
Sudhir KK, at 08 September, 2006 13:00
ഞാന്‍ ശ്വാസം വിടാതെ വായിച്ചു. നല്ല കവിത.
ആദ്യം ഒരു കമന്റ് വെച്ചിരുന്നോ എന്നൊരു ഓര്‍മ്മ. എന്തായാലും കാണാനില്ല.
By
സു | Su, at 29 October, 2006 08:40
ചീട്ടുകൊട്ടാരം എന്ന കവിത ഇപ്പോള്‍ ഹരിതകത്തില്‍ വന്നിട്ടുണ്ട്, ചെറിയ മാറ്റങ്ങളോടെ.
http://www.harithakam.com/html/home.htm
By
ബാബു, at 29 March, 2007 18:59
Post a Comment
<< Home