ചുമരെഴുത്ത്

Tuesday, August 24, 2010

നിയോഗം



എന്തിന്റെയോ വഴികാട്ടികളായി
മരങ്ങൾ
മേലേക്ക് ചൂണ്ടിനില്ക്കുന്നു,
വേരുകൾ
മണ്ണിന്റെ മറവിൽ
പാതാളം തേടുമ്പോഴും.


വിഭാഗം: കവിത

Tuesday, August 17, 2010

നിയതി

കാറ്റ് ചെവിയിൽ മൂളുമ്പോൾ
മുറ്റത്തെ മുക്കുറ്റിക്ക്‌
താളത്തിൽ തലയാട്ടാതെ വയ്യ

വെയിൽ ദയവോടെ തഴുകുമ്പോൾ
വിനീതനായ് വിളങ്ങി വണങ്ങാതെ വയ്യ

മഴ കനിവോടെ കഴുകുമ്പോൾ
പൊടിവെടിഞ്ഞ് ശുദ്ധമാവാതെ വയ്യ

കാറ്റും വെയിലും മഴയും കടക്കാത്തിടത്തിരുന്ന്
എനിക്കിതുകുത്തിക്കുറിക്കാതെ വയ്യ.

Tuesday, August 10, 2010

ഹൃസ്വലിപി








സന്ധ്യതൻ സിന്ദൂരത്തിൽ തുടുത്ത മുഖം കുനി-
ച്ചെന്തു,നീ വെണ്മണലിൽ കുറിച്ചു വിരൽത്തുമ്പാൽ?
അറിവീലെനിക്കു,നിൻ ഭാഷതൻ ഹ്രസ്വലിപി;
അറിവേൻ കണ്ണുകളിൽ തുടിക്കും പ്രേമോല്ലാസം.

Saturday, September 13, 2008

ചൂണ്ട

വര്‍ണ്ണത്തൂവലും,
പൊങ്ങും, ചരടും,
പട്ടുനൂലും കെട്ടി
വരിഞ്ഞുമുറുക്കി
വരികളൊരുക്കി
ഹൃത്തടങ്ങളിലേക്കെറിയുമ്പോള്‍
ഉദ്ദേശ്യമൊന്നേയുള്ളു.

ഒരു അനുവാചകനെങ്കിലും
ഒന്നുകൊത്തണം
കൊളുത്തിവലിയണം.

കൂര്‍ത്ത അര്‍ത്ഥങ്ങള്‍
തൊണ്ടയില്‍ത്തടഞ്ഞ്‌
മുറിവേല്‍പ്പിച്ച്‌
ചങ്കിലേക്കിറങ്ങണം.

താളുമറിഞ്ഞ്‌
കണ്ണ്‌ ഊരി രക്ഷപെട്ടാലും
നീറ്റല്‍ നിലനില്‍ക്കണം.

ചാരായംപോലെ
തലയ്ക്കുപിടിക്കണം.

അതിന്റെയോര്‍മ്മയില്‍
അടുത്ത കൊളുത്തും നോക്കി
കാത്തുകാത്തിരിക്കണം.

Monday, August 28, 2006

ചീട്ടുകൊട്ടാരം



വാക്കുകളുടെ
മാന്ത്രികച്ചീട്ടുകള്‍
തന്റെമുന്നില്‍
കവി നിരത്തിവച്ചു.

പതുക്കെ
സൂഷ്മതയോടെ
ഒന്നിനുമുകളിലൊന്നായി
ചരിച്ചുകിടത്തി
നിവര്‍ത്തിയിരുത്തി
അങ്ങോട്ടുമൊങ്ങോട്ടും താങ്ങി
ഒരു ചീട്ടുകൊട്ടാരം
കെട്ടിപ്പൊക്കി.

രാജാവും റാണിയും
ആഡുതനും ക്ലാവരും
നിറങ്ങളും അക്കങ്ങളും
അക്ഷരങ്ങളും പടങ്ങളും
ഒരു പുത്തന്‍ക്രമത്തില്‍
ചേര്‍ത്തിണക്കി.

ഈ സമയമെല്ലാം
കവി
ശ്വാസംപിടിച്ചിരുന്നു.
ചീട്ടുകൊട്ടാരമെങ്ങാനും
മറിഞ്ഞുവീണാലോ!

ആഹ്ലാദത്തോടെ
അനുവാചകനെ കാണിച്ചു.
പക്ഷെ,
മുഖവുരപറയുവാന്‍
വിട്ടുപോയി.

ശ്വാസംവിടരുതെന്ന്.


വിഭാഗം: കവിത