ചുമരെഴുത്ത്

Sunday, July 30, 2006

ചുമര്‍ചിത്രം

ഇന്നുരാവിലെ വരെ
വഴിപോക്കരാരും
ഈ ചുമരിനെ
തീരെ ശ്രദ്ധിച്ചിരുന്നില്ല.

പഴകിമങ്ങിയ നോട്ടീസുകളും
പരസ്യങ്ങളും
പണ്ടാരോ പകര്‍ത്തിയ
കുറെ മുദ്രാവാക്യങ്ങളും
മാത്രം.

ജാക്സണ്‍ പോളോക്‌ വരച്ച
ആധുനിക ചിത്രങ്ങള്‍
നിങ്ങള്‍ കണ്ടുകാണും.
നിലത്തിട്ട കാന്‌വാസില്‍
പല നിറങ്ങളില്‍
ചായങ്ങള്‍ വലിച്ചെറിഞ്ഞും
ഇറ്റിറ്റുവീഴ്തിയും രൂപപ്പെട്ടവ.
കോടികള്‍ വിലയുള്ളവ.

ചുമരിലെ പുതിയ ചിത്രം നോക്കൂ.
ഇതു തീര്‍ക്കാന്‍
ഒരു നിമിഷമേ വേണ്ടിവന്നുള്ളു.
ഒരു ഫ്ലാഷുകൊണ്ട്‌
ഒരു കളര്‍ ഫോട്ടോ
ഒരുക്കുന്നപോലെ.

ഇതിന്‌
ഫോട്ടോഗ്രാഫിയുടേയും
പോളോക്കിന്റെയും
ടെക്നിക്കുകളുപയോഗിച്ചു.

ആദ്യം
പഴകാലഫ്ലാഷുകള്‍ പോലെ
രാസസമ്മിശ്രത്തിന്റെ
ഒരു വിസ്ഫോടനം.

ഇനാമല്‍ നിറങ്ങള്‍ക്കു പകരം
ചുമരിലെറിഞ്ഞത്‌
ഓര്‍ഗാനിക്‌ നിറങ്ങള്‍,
ബയോഡിഗ്രേഡബിള്‍ ചായങ്ങള്‍.

തണ്ണിമത്തന്റെ
ഹൃദയത്തിന്റെ ചുവപ്പും,
തോടിന്റെ പച്ചയും,
അങ്ങുമിങ്ങും
കുരുക്കളുടെ കറുപ്പും.

പല പച്ചകളുണ്ട്‌.
അച്ചിങ്ങപ്പയറിന്റെ,
ക്യാബേജിന്റെ,
പലതരം പച്ചമുളകിന്റെ.

തണ്ണിമത്തനും തക്കാളിയുമൊപ്പം
രക്തത്തിന്റെയും ചുവപ്പ്‌.
ഇടക്കിടെ പരന്നുകാണുന്നത്‌
തലച്ചോറുകളുടെ നിറമാണ്‌.

ഒരേ നിറമെങ്കിലും
ഒന്നില്‍ കുത്തിനിറച്ചിരുന്നത്‌
മതഭ്രാന്തരുടെ പ്രചരണങ്ങളും,
വാഗ്ദാനങ്ങളും.

വേറൊന്നില്‍ നിറഞ്ഞിരുന്നത്‌
പച്ചക്കറികള്‍ വിറ്റ്‌
കുടുംബം പോറ്റാനുള്ള ആകാംക്ഷ.
പക്ഷേ പടത്തില്‍
നിങ്ങള്‍ക്കത്‌ കാണാനാവില്ല.

ഇതു ജീവനില്‍ ചാലിച്ച ചിത്രം.
ചായങ്ങളുണങ്ങുംതോറും,
നിറങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന
ജീവനുള്ള രചന.

ഈ ചിത്രം
വില്‍പനയ്ക്കല്ല.
ഇതിന്റെ വില
രചനതീരും മുമ്പേ
കൊടുത്തുകഴിഞ്ഞിരുന്നു.

Friday, July 28, 2006

ട്രെയിനിംഗ്‌ വീലുകള്‍


ഉണ്ണിക്കുട്ടന്‍ ആദ്യമായി ട്രെയിനിംഗ്‌ വീലുകളില്ലാതെ സൈക്കിള്‍ ചവിട്ടുകയാണു്‌.

ഊരിയിടപ്പെട്ട രണ്ടു ചക്രങ്ങള്‍ അവന്റെ സംരംഭം നോക്കിക്കൊണ്ടു്‌ പുല്‍ത്തകടിയില്‍ ഉല്‍ക്കണ്ഠയോടെ കിടന്നു.

"നോക്കൂ അവന്റെ പോക്കു കണ്ടോ? ഇപ്പോള്‍ മറിഞ്ഞുവീഴും." ഇടതുചക്രം പറഞ്ഞു.

"നേരെ ഓടിക്കുന്നതിനു പകരം അവന്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചു വെട്ടിച്ചല്ലെ ഓടിക്കുന്നത്‌." വലതുചക്രം പറഞ്ഞു."

"പതുക്കെ ചവിട്ടിയാല്‍ പോരെ? എന്തു വേഗത്തിലാണവന്‍ ചവിട്ടുന്നതു്‌! എവിടെയെങ്കിലും മറിഞ്ഞുവീഴുമെന്നു തീര്‍ച്ചയാണ്‌."

"എന്നിട്ടു മുട്ട്‌ പൊട്ടി ചോരയുമൊലിച്ചു കരഞ്ഞുകൊണ്ടു തിരിച്ചു വരും. നോക്കിക്കോളൂ."

"എന്തു ശാഠ്യമായിരുന്നു ചക്രങ്ങള്‍ മാറ്റണമെന്നു്‌! തീര്‍ച്ചയായും അവനു കുറച്ചു നാളുകള്‍കൂടി ചക്രങ്ങളുടെ ആവശ്യമുണ്ടു്‌."

ഒരു വളവുതിരിഞ്ഞ്‌ അവന്‍ അപ്രത്യക്ഷനായി. എന്താണു നടക്കുന്നതെന്നറിയാതെ ചക്രങ്ങള്‍ വ്യാകുലതയോടെ കാത്തിരുന്നു.

ഉണ്ണിക്കുട്ടന്‍ തിരിച്ചെത്തി. മുട്ട്‌ പൊട്ടിയിട്ടുണ്ടു്‌. പക്ഷെ മുഖത്താകെ സന്തോഷവും സംതൃപ്തിയും.

"എന്തു രസം ഇങ്ങനെ സൈക്കിള്‍ ചവിട്ടാന്‍." അവന്‍ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

പുല്‍ത്തകടിയില്‍ കിടക്കുന്ന ചക്രങ്ങല്‍ അവന്റെ കണ്ണില്‍പെട്ടു.

"ഇനിയിതാര്‍ക്കു വേണം!"

ഉണ്ണിക്കുട്ടന്‍ ചക്രങ്ങളെടുത്ത്‌ കുപ്പയിലേക്കെറിഞ്ഞു.

Thursday, July 27, 2006

വണക്കം സുഹൃത്തുക്കളേ വണക്കം

ആദിത്യന്റെ “നവാഗതരേ ഇതിലെ ഇതിലെ“ എന്ന ക്ഷണനത്തില്‍ വീണുപോയി. അങ്ങനെ ഞാനും ഒരു ബൂലോഗനായി. ഇല്ല, അകാന്‍ ശ്രമിക്കുന്നു. ഒന്നു നോക്കട്ടെ ഈ ചുമരെഴുത്തു ശരിയാകുമോ എന്ന്. ഇല്ലെങ്കില്‍ പായല്‍ മൂടി അതങ്ങു മാഞ്ഞു പൊയ്ക്കോളും.